Local News

ട്രാക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എന്‍.വി.ബി.എസ് സംഘം


അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച 2024 ലെ ഖത്തര്‍ റണ്‍ മാരത്തണ്‍ ട്രാക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എന്‍.വി.ബി.എസ്. ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ സ്പോര്‍ട്ടില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ കിഡ്‌സ് കാറ്റഗറിയില്‍ 4 സ്വര്‍ണമെഡലുകളും 4 ബ്രോണ്‍സ് മെഡലുകളും സ്വന്തമാക്കിയാണ് കായിക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചത്. എന്‍വിബിഎസില്‍ നിന്നുള്ള 50 ഓളം ബാഡ്മിന്റണ്‍ കളിക്കാരാണ് മിനി കിഡ്സ്, ജൂനിയര്‍, പ്രൈമറി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മാരത്തണില്‍ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഓടിയെത്തി മികവ് തെളിയിച്ചാണ് എന്‍.വി.ബി.എസ് സംഘം മാരത്തണില്‍ മികവ് പുലര്‍ത്തിയതെന്ന് എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാനും ഡയറക്ടര്‍ ബേനസീറും ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

പ്രഗല്‍ഭരായ 12 പരിശീലകരുടെ നേതൃത്വത്തില്‍ എന്‍വിബിഎസ് അക്കാദമിയിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്.

13 മുതല്‍ 16 വയസ്സ് വരെയുള്ള ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ എന്‍.വി.ബി.എസിലെ ഇന്ത്യന്‍ കൗമാര ബാഡ്മിന്റണ്‍ താരം ‘റിയ കുര്യന്‍’ 3 കിലോമീറ്റര്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് സമയത്ത് ട്രാക്ക് പൂര്‍ത്തിയാക്കി ഒന്നാമതെത്തി. ‘അഡ്‌ലിന്‍ മേരി സോജന്‍’ രണ്ടാം റണ്ണറപ്പായി.

3 മുതല്‍ 6 വയസ്സ് വരെയുള്ള മിനി പെണ്‍കുട്ടികളുടെ വിഭാഗം 800 മീറ്ററില്‍ ‘കശ്‌വി നമ്പ്യാര്‍’ ഒന്നാം സ്ഥാനവും 800 ആണ്‍കുട്ടികളുടെ മിനി കിഡ്സ് വിഭാഗത്തില്‍ ‘ആദിദേവ് അജി’ രണ്ടാം റണ്ണറപ്പും നേടി.

7 മുതല്‍ 9 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ 3 കിലോമീറ്റര്‍ വിഭാഗത്തില്‍ ‘ആന്‍ഡ്രിയ റീത്ത സോജനും 10 മുതല്‍ 12 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ‘സഞ്ജന നകുലനും ‘ വിജയികളായി.

7 മുതല്‍ 9 വയസ്സ് വരെയുളള ആണ്‍ കുട്ടികളുടെ 3 കിലോമീറ്റര്‍ വിഭാഗത്തില്‍ ‘ആദം നൗജാസും 10 മുതല്‍ 12 വയസ്സ് വരെയുള്ള സക്കന്‍ഡറി വിഭാഗത്തില്‍ ‘ജോനാ ജോബിയും സെക്കന്റ് റണ്ണറപ്പുകളായി.

എന്‍വിബിഎസ് പരിശീലകരായ അഫ്‌സല്‍, ആദര്‍ശ്, അഭിജിത്ത്, ദര്‍ശന എന്നിവരും തുടക്കം മുതലുള്ള അവരുടെ പരിശ്രമവും കുട്ടികള്‍ക്കായി ഉണ്ടായിരുന്നു, അവരുടെ പരിശ്രമത്തിന്റെ ഫലമായാണ് എന്‍.വി.ബി.എസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. 50 കളിക്കാരും അവരവരുടെ സ്വന്തം വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ നേടി വിജയകരമായി ഓട്ടം പൂര്‍ത്തിയാക്കി.

എന്‍വിബിഎസ് കളിക്കാര്‍ അവരുടെ പ്രഭാത ബാഡ്മിന്റണ്‍ ഫിറ്റ്നസ് പരിശീലനം തുടരുന്നതിനാല്‍ സ്‌കൂളിലെ വിവിധ കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും അത്ലറ്റിക്, ഡാന്‍സ് തുടങ്ങിയ മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും അവര്‍ക്ക് കഴിയുന്നു. കുട്ടികള്‍ക്കായി എന്‍വിബിഎസ് വികസിപ്പിച്ച ഫിറ്റ്‌നസ് ലെവല്‍ എല്ലാ രംഗത്തും പ്രയോജനകരമാകും.

രക്ഷിതാക്കളുടെ പിന്തുണയോടെ, വരാനിരിക്കുന്ന ഇവന്റുകളിലും സജീവമായി പങ്കെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാഹിബ് ജാനും ഡയറക്ടര്‍ ബേനസീറും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!