സെന്‍ട്രല്‍ ദോഹ, അല്‍ കോര്‍ണിഷ് സ്ട്രീറ്റ് പദ്ധതി പുരോഗതി പ്രധാനമന്ത്രിയും സംഘവും പരിശോധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: സെന്‍ട്രല്‍ ദോഹ, അല്‍ കോര്‍ണിഷ് സ്ട്രീറ്റ് പദ്ധതിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയും സംഘവും പരിശോധിച്ചു.
സന്ദര്‍ശന വേളയില്‍, പദ്ധതിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചും ഫിഫ 2022 ലോകകപ്പ് ഖത്തറിന് മുന്നോടിയായി പൊതുഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ നടപടികളും പ്രധാനമന്ത്രിയും സംഘവും വിലയിരുത്തി.
സെന്‍ട്രല്‍ ദോഹ, അല്‍ കോര്‍ണിഷ് സ്ട്രീറ്റ് എന്നിവയുടെ സൗന്ദര്യവല്‍ക്കരണവും അലങ്കാര പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദ മേഖലയാക്കി മാറ്റുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം തേടി. പദ്ധതിയില്‍ നടപ്പാക്കിയ ഹരിത പ്രദേശങ്ങള്‍, പൂന്തോട്ടങ്ങള്‍, ഖത്തറി കലാകാരന്മാരുടെ കലാസൃഷ്ടികള്‍, പുരാവസ്തു മേഖലകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രധാനമന്ത്രി പരിശോധിച്ചു.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘമാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്.