Breaking News

ലോകത്തിലെ മികച്ച 50 ദ്വീപുകളില്‍ സ്ഥാനം പിടിച്ച് ഖത്തറിലെ പര്‍പ്പിള്‍ ഐലന്റും

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്തിലെ മികച്ച 50 ദ്വീപുകളില്‍ സ്ഥാനം പിടിച്ച് ഖത്തറിലെ പര്‍പ്പിള്‍ ഐലന്റും. ആഗോള ട്രാവല്‍ സൈറ്റായ ബിഗ് 7 ട്രാവല്‍ തയ്യാറാക്കിയ ‘ലോകത്തിലെ ഏറ്റവും മികച്ച 50 ദ്വീപുകളുടെ’ വാര്‍ഷിക ലിസ്റ്റിലാണ് പര്‍പ്പിള്‍ ഐലന്റ് സ്ഥാനം പിടിച്ചത്. സോഷ്യല്‍ മീഡിയ ഫലങ്ങളില്‍ നിന്ന് സമാഹരിച്ച സ്‌കോറുകളും ബിഗ് 7 ട്രാവല്‍ എഡിറ്റോറിയല്‍ ടീമിന്റെ സംഭാവനകളും അടിസ്ഥാനമാക്കിയാണ് ലിസ്റ്റ്് തയ്യാറാക്കിയത്.


ടാന്‍സാനിയയിലെ മ്‌നെംബ എന്ന ഒറ്റപ്പെട്ട ദ്വീപ് മുതല്‍ തുര്‍ക്കിയിലെ ഈജിയന്‍ പറുദീസ ദ്വീപായ ബോസ്‌കാഡ വരെ നീളുന്ന വൈവിധ്യമാര്‍ന്ന ദ്വീപുകളുടെ പട്ടികയിലാണ് ഖത്തറിലെ പര്‍പ്പിള്‍ ദ്വീപ് ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂറിസം, പരിസ്ഥിതി, സംസ്‌കാരം, ചരിത്രം മുതലായ പശ്ചാത്തലങ്ങളുള്ള മനോഹരമായ പര്‍പ്പിള്‍ ഐലന്റ് സ്വദേശികളും വിദേശികളുമായ നിരവധി പേരെ ആകര്‍ഷിക്കുന്ന സ്ഥലമാണ്.

ഒരു കാലത്ത് ബഹ്റൈനുമായുള്ള വ്യാപാരത്തിനുള്ള താത്കാലിക ക്യാമ്പ്സൈറ്റും ബിസി 2000 മുതല്‍ മത്സ്യത്തൊഴിലാളികളും മുത്ത് മുങ്ങല്‍ വിദഗ്ധരും ഉപയോഗിച്ചിരുന്ന പാരിസ്ഥിതിക പ്രാധാന്യമുളള ദ്വീപാണ് പര്‍പ്പിള്‍ ഐലന്റ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി പ്രകൃതിയുടെ മനോഹാരിതയും ശുദ്ധമായ കാറ്റും കുളിരുള്ള വെള്ളവുമൊക്കെ ആസ്വദിക്കാനാഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രമാണ് പര്‍പ്പിള്‍ ഐലന്റ്. രാജ്യം ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ തയ്യാറാകുന്ന ഈ ഘട്ടത്തില്‍ പര്‍പ്പിള്‍ ഐലന്റിന് ലഭിച്ച ഈ സ്ഥാനം നിരവധി ടൂറിസ്റ്റുകളെ അങ്ങോട്ട് ആകര്‍ഷിക്കുമെന്നുറപ്പാണ്.

ഖത്തറിലെ മറ്റു ദ്വീപുകളില്‍ നിന്നും വ്യത്യസ്തമായി, പര്‍പ്പിള്‍ ദ്വീപ് മനുഷ്യനിര്‍മ്മിതമല്ല. പകരം കൗതുകകരമായ ചരിത്രമുള്ള പ്രകൃതി രമണീയമായ ദ്വീപാണത്. ചില ആകര്‍ഷകമായ അവശിഷ്ടങ്ങളുടേയും വൈവിധ്യമാര്‍ന്ന പക്ഷികളുടേയും കടല്‍ മൃഗങ്ങളുടേയും ആവാസ കേന്ദ്രമാണിത്.

ഖത്തറിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബിന്‍ ഗന്നം ദ്വീപ് ആണ് പര്‍പ്പിള്‍ ദ്വീപ് എന്നറിയപ്പെടുന്നത്. ഖത്തറില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണത്. ദോഹയില്‍ നിന്നും ഏകദേശം 45 മിനിറ്റ് യാത്ര ചെയ്താല്‍, അല്‍ ഖോര്‍ നഗരത്തിനടുത്തുള്ള പ്രകൃതി സൗന്ദര്യത്തിനും വിദേശ സസ്യജന്തുജാലങ്ങള്‍ക്കും പേരുകേട്ട പര്‍പ്പിള്‍ ദ്വീപിലെത്താം.

Related Articles

Back to top button
error: Content is protected !!