ഖത്തറിലെ വിമാനത്താവളങ്ങള്‍ക്ക് മണിക്കൂറില്‍ 100 വിമാനങ്ങള്‍ കൈകാര്യം ചെയ്യാനാകും
അമാനുല്ല വടക്കാങ്ങര
ദോഹ. സെപ്തംബര്‍ 8 ന് നിലവില്‍ വന്ന പുതിയ എയര്‍സ്പേസ് ഡിസൈന്‍ ഖത്തറിലെ വിമാനത്താവളങ്ങളുടെ ഫ്‌ളൈറ്റ് ഹാന്‍ഡ്ലിംഗ് കപ്പാസിറ്റി ഗണ്യമായി വര്‍ദ്ധിപ്പിച്ചതായും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്ത് മണിക്കൂറില്‍ 100 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതായും ഖത്തര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള മുഹമ്മദ് അല്‍ അസ്മാഖ് പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഫ 2022 ലോകകപ്പ് സമയത്ത് പ്രതിദിനം ഏകദേശം 1,600 എയര്‍ ട്രാഫിക് ചലനങ്ങള്‍ പ്രതീക്ഷിക്കുന്ന ഖത്തര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ സെപ്തംബര്‍ 8 ന് ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പ്ലാനുകളും പ്രോജക്റ്റുകളും, പ്രത്യേകിച്ച് പുതിയ എയര്‍സ്പേസ് ഡിസൈന്‍ പ്രോജക്റ്റുകളും സജീവമാക്കിയതായി അദ്ദേഹം പറഞ്ഞു.
പുതിയ എയര്‍സ്പേസ് ഡിസൈന്‍ അനുസരിച്ച് രണ്ട് വിമാനങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഒന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി ഒരേ സമയം മൂന്ന് വിമാനങ്ങള്‍ക്ക് അരികിലായി ഇറങ്ങാന്‍ സൗകര്യമൊരുക്കും.
അതുപോലെ തന്നെ രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് ഒരേസമയം മൂന്ന് വിമാനങ്ങള്‍ക്ക് പറന്നുയരാനുമാകും.
വിമാനങ്ങള്‍ ഇറങ്ങുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ അയല്‍രാജ്യങ്ങളുമായി ഏകോപിപ്പിച്ച് ഖത്തറിലേക്കുള്ള വ്യോമഗതാഗതം നിയന്ത്രിക്കാന്‍ എയര്‍ ട്രാഫിക് ഫ്‌ളോ മാനേജ്മെന്റും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ എണ്ണം 160 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, അവര്‍ ആധുനികവല്‍ക്കരിച്ച സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി തീവ്ര പരിശീലന പരിപാടികള്‍ക്ക് വിധേയരായിട്ടുണ്ട്.’ നിരീക്ഷണ ടവര്‍, കാലാവസ്ഥാ നിയന്ത്രണം, ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍ (എഫ്‌ഐആര്‍), ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്‌ഐഎ), ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഐഎ) എന്നിങ്ങനെ നിരവധി യൂണിറ്റുകളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിമാന ഗതാഗത ചലനങ്ങള്‍ക്കൊപ്പം, വേഗതയും സുരക്ഷിതത്വവുമുറപ്പുവരുത്തുവാന്‍ സഹായകമായ ഏറ്റവും നൂതനമായ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അല്‍ അസ്മാഖ് കൂട്ടിച്ചേര്‍ത്തു.