
മലയാളി സമാജം കേരളോത്സവം 2022 ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി സമാജം കേരളോത്സവം 2022 ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിറഞ്ഞ സദസ്സില്‍ ഖത്തറില്‍ ആദ്യമായി 1001 കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലോക കപ്പിനെ വരവേല്‍ക്കാനായി മലയാളികള്‍ നടത്തിയ ഒരു ഉത്സവം തന്നെയായിരുന്നു കേരളോത്സവം.
സമാജം സംഘടിപ്പിച്ച കേരളോല്‍സവം 2022 ലേക്ക് ഒഴുകിയെത്തിയ പതിനായിരകണക്കിന് ആളുകളെ സാക്ഷിയാക്കി ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ പന്തുതട്ടി കൊണ്ടാണ് ഖത്തര്‍ മലയാളികള്‍ ലോകകപ്പിനെ സ്വാഗതം ചെയ്തത്.
സമാജത്തിന് വേണ്ടി ഷഫീഖ് എക്‌സ് ഡി സി യുടെ നേതൃത്വത്തില്‍ നൂറില്‍ പരം കുട്ടികളുടെ ഫുട്ബാള്‍ നൃത്തത്തിനിടയിലൂടെ ഫിഫ 2022 ല്‍ കളിക്കുന്ന 32 ടീമുകളുടെ പതാകയേന്തിയ കലാകാരന്മാരും, സമാജം എക്‌സിക്യൂട്ടീവുകളും, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമൊപ്പം ഐ. എം വിജയന്‍ , എ. എം. ആരിഫ് എം. പി യുടെ സാന്നിധ്യത്തില്‍ കിക്ക്ഓഫ് ചെയ്തു ഖത്തര്‍ ലോകകപ്പിന് മലയാളികളുടെ സ്വാഗതമേകിയപ്പോള്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സ് ആഘോഷത്തേരിലേറി.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എ. എം. ആരിഫ് എം.പി, ഐ എം വിജയന്‍, ഐ സി സി പ്രസിഡന്റ് പി. എന്‍ ബാബുരാജന്‍, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് കേരളോല്‍സവം ഉദ്ഘാടനം ചെയ്തത്. സമാജം സെക്രട്ടറി റിയാസ് അഹമ്മദ്, അഡൈ്വസര്‍ രാജേശ്വര്‍ ഗോവിന്ദ്, പ്രേംജിത്, ചെയര്‍ പേഴ്‌സണ്‍ ലത ആനന്ദ് നായര്‍ എന്നിവര്‍ സംബന്ധിച്ച പരിപാടിയില്‍ പ്രസിഡന്റ് ആനന്ദ് നായര്‍ സ്വാഗതം പറഞ്ഞു.
മലയാളി സമാജത്തിന്റെ പ്രതിഭാ പുരസ്‌കാരം ജേതാക്കള്‍ക്ക് എ എം ആരിഫ് എം.പിയും ഐ. എം വിജയനും, സ്‌പോണ്‍സര്‍മാരും സമാജം ഭാരവാഹികളും ചേര്‍ന്ന് കൈ മാറി.
ലൈഫ്‌ടൈം അച്ചീവമെന്റ് അവാര്‍ഡ് പ്രമുഖ ബിസിനസ്സ്‌കാരനും എം ഇ എസ് സ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളും ഖത്തറിലെ സാംസ്
്്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായ അല്‍ മുഫ്ത റെന്റ് എ കാറിന്റെ അമരക്കാരന്‍ എ. കെ ഉസ്മാന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ അഭാവത്തില്‍ പുത്രന്മാരായ ഡോ. ഫുആദ് ഉസ്മാനും, സിയാദ് ഉസ്മാനും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു. തുടര്‍ന്ന്
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡും കൈ മാറി.
സഫീറുറഹ്മാന്‍ (സ്‌പോര്‍ട്‌സ് ), സുപ്രിയ ജഗദീപ് (വിദ്യാഭ്യാസം), കെ. വി. അബ്ദു സലാം, ( സാമൂഹ്യ സേവനം) , നബീസക്കുട്ടി അബ്ദുല്‍ കരീം (ബിസിനസ)് ലിന്‍ഷാ ആനി ജോര്‍ജ് (ആരോഗ്യം) മല്ലിക ബാബു ( കല) എന്നിവര്‍ ഏറ്റുവാങ്ങി .
മെഗാ ഇനങ്ങളായ കുട്ടികളുടെ നാടോടി നൃത്തം, ഒപ്പന, കേരള നടനം, തിരുവാതിര എന്നിവക്കൊപ്പം ഖത്തറിലെ അസോസിയേഷനുകളും സ്‌കൂളുകളും, നൃത്ത വിദ്യാലയങ്ങളും ഒരുക്കിയ മോഹിനിയാട്ടം( കലാമണ്ഡലം സിനി), ഫ്യൂഷന്‍ റെട്രോ ( ഷമീന), കിഡ്‌സ് ഡാന്‍സ് ( ലോയോളാ സ്‌കൂള്‍ ), സെമി ക്ലാസിക്കല്‍(സ്വസ്തി ലക്ഷണ), സീത കല്യാണം (കലാക്ഷേത്ര- ആതിര എസ് ആനന്ദ് ), നാഗ നൃത്തം ( ഉല്ശസമ), സെമി ക്ലാസിക്കല്‍( ആര്‍ എല്‍ വി സീമ ടീച്ചര്‍), കണ്‍ടെമ്പററി (സൂസണ്‍ ഡീമാ), കഥക് ഫ്യൂഷന്‍ ( രേഷ്മ ശ്രീകുമാര്‍ ), സ്‌കട്ടിങ് (മൈന്‍ഡ്മാസ്റ്റര്‍ – ജോണി) ചെണ്ട മേളം, ഖത്തര്‍ മഞ്ഞപടയുടെ ബാന്‍ഡ് മേളം എന്നിവ അരങ്ങേറി. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ കഥകളിയിലൂടെ ആരംഭിച്ച സമാജം പരിപാടികള്‍ ഒ. എന്‍ വി കുറുപ്പിന്റെ അമ്മ എന്ന പ്രശസ്ത കവിതയുടെ ദൃശ്യവിഷ്‌ക്കാരം, രാജ രവി വര്‍മ ചിത്രങ്ങളുടെ നൃത്താവിഷ്‌ക്കാരം, മെഗാ നാടന്‍ പാട്ടും ആട്ടവും തുടങ്ങിയ വ്യതസ്തമായ പരിപാടികളുമായി കാണികളെ പിടിച്ചിരുത്തി .
ഖത്തറിലെ പ്രശസ്ത നാടന്‍ പാട്ട് സംഘങ്ങളായ കനലും കൈതോലയും ഒരുമിച്ചെത്തിയ പരിപാടിയില്‍ നാടന്‍പാട്ടിനൊത്ത് കാണികളും ചുവടു വെച്ചതോടെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപറമ്പായി.
പാസ്സേജ് ടു ഇന്ത്യയില്‍ മലയാളി സമാജത്തിനായി മെഗാ തിരുവാതിര ഒരുക്കിയ കലാകൈരളി ദിവ്യ ടീച്ചര്‍ തന്നെയാണ് ഇത്തവണയും മെഗാ ഇനങ്ങളായ നാടന്‍പാട്ടിന്റെ ചുവടുകള്‍, തിരുവാതിര, കിഡ്‌സ് ട്രൈബല്‍ ഡാന്‍സ് എന്നിവ ഒരുക്കിയത്.
കാണികളുടെ പ്രശംസ നേടിയ കേരള നടനം കലാമണ്ഡലം സീമ ടീച്ചറും, ഒപ്പന മുനീറ ബഷീറുമാണ് അരങ്ങില്‍ എത്തിച്ചത് .നയനമനോഹരമായ കാഴ്ചകളായിരുന്നു ഓരോ പരിപാടിയും. കണ്ണും കാതും മനവും കുളിര്‍പ്പിക്കാന്‍ ഒരുക്കിയ പരിപാടികള്‍ ഓരോന്നും മികച്ചു നിന്നു.
സമാജം എക്‌സിക്യൂട്ടീവുകളുടെ അശ്രാന്ത പരിശ്രമത്തില്‍ അണിയിച്ചൊരുക്കിയ കേരളോത്സവത്തിന്റെ ചുക്കാന്‍ പിടിച്ചത് ചെയര്‍പേഴ്‌സണും പ്രോഗ്രാം ഡയറക്ടറുമായ ലത ആനന്ദ് നായരാണ്.
കഥകളി കലാകാരന്‍ കൃഷ്ണനുണ്ണി ഷോ ഡയറക്ടര്‍ ആയ പരിപാടിയില്‍ ഷോ അസോസിറ്റേറ്റ് ആയതു ഖത്തറിലെ പ്രശസ്ത അവതാരകരായ അരുണ്‍ പിള്ള പ്രവീണ്‍, മഞ്ജു മനോജ്, പ്രേമ ശരത് ചന്ദ്രന്‍, ജയശ്രീ സുരേഷ്, അക്കു അക്ബര്‍, രാജീവ് ആനന്ദ് എന്നിവരാണ്. വളര്‍ന്നു വരുന്ന കുട്ടി അവതാരിക ആയിഷ ഫാത്തിമയാണ് കുട്ടികളുടെ പരിപാടികള്‍ നിയന്ത്രിച്ചത്.
മെഡിക്കല്‍ സപ്പോര്‍ട്ടുമായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ യൂണിക്, മലയാളി സമാജത്തോടൊപ്പം ഉണ്ടായിരുന്നു.ഇരുന്നൂറ്റി അമ്പതോളം കോര്‍ഡിനേറ്റര്‍മാരും വോളന്റീര്‍മാരും ഉണ്ടായിരുന്ന പരിപാടിയില്‍ മിനി ബെന്നി ആയിരുന്നു ലേഡി കോര്‍ഡിനേറ്റര്‍.
ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടികള്‍, മലയാളി സമാജത്തിനു വേണ്ടി വിമല്‍ വാസുദേവ് എഴുതി കനല്‍ നാടന്‍പാട്ടു സംഘം ഖത്തര്‍ പാടിയ നാടന്‍പാട്ടിനു അഞ്ഞൂറില്‍പ്പരം കലാകാരന്മാരുടെ നൃത്തച്ചുവടോടെയാണ് സമാപനം കുറിച്ചത്.