Archived ArticlesUncategorized

ഡോം ഖത്തറിന്റെ ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തര്‍ ഫിഫ 2022 വേള്‍ഡ് കപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 14, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് ഇന്ത്യന്‍ സ്പോര്‍ട് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മെഗാ ഫെസ്റ്റ് 2022 വ്യത്യസ്തതയാര്‍ന്ന ഒട്ടനവധി പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റര്‍ സ്‌കൂള്‍ സ്പോര്‍ട്സ് ക്വിസ്, ഇന്റര്‍ സ്‌കൂള്‍ ഫുട്ബോള്‍ സെവന്‍സ് ടൂര്‍ണ്ണമെന്റ്, കലാപരിപാടികള്‍ എന്നിവ മെഗാ ഫെസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി അന്‍പതില്‍ പരം ടീമുകള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഖത്തറിലെ പ്രമുഖ ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 3022 ഖത്തര്‍ റിയാലും രണ്ടാം സമ്മാനമായി 2022 ഖത്തര്‍ റിയാലും മൂന്നാം സമ്മാനമായി 1022 റിയാലും, ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിള്‍ ഫോം ഉപയോഗിച്ച് ഒക്ടോബര്‍ 10നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഗൂഗിള്‍ ഫോമുകള്‍ www.facebook.com/domqatar എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. രണ്ട് അംഗങ്ങള്‍ ഉള്ള പരമാവധി അഞ്ച് ടീമുകള്‍ക്കാണ് ഓരോ സ്‌കൂളില്‍ നിന്നും പങ്കെടുക്കാന്‍ കഴിയുക.

ഇന്റര്‍സ്‌കൂള്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ അതേ ദിവസം 3.30 ന് ഡിപിഎസ് മോണാര്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബിര്‍ള പബ്ലിക് സ്‌കൂളിനെ നേരിടും. ലൂസേഴ്സ് ഫൈനലില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനെ നേരിടും.

തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളില്‍ ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, ഒപ്പന, നാടന്‍ പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, കഥക് ഫ്യൂഷന്‍ ഡാന്‍സ്, മൈം, തുടങ്ങി ഒട്ടനവധി കലാപരിപാടികള്‍ അരങ്ങേറും. സമാപന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ ദീപക് മിറ്റല്‍ ഉദ്ഘാടനം ചെയ്യും.
ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും വിവിധ ഫാന്‍ അസോസിയേഷനുകളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.

സമാപന സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. സഫാരി ഗ്രൂപ്പ് പരിപാടിയുടെ മുഖ്യ പ്രായോജകരാണ്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കിക്കോഫ് 22 നോട് അനുബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി യുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയില്‍ വേള്‍ഡ് കപ്പ് ക്വിസ്, സ്പോര്‍ട്സ് സിംബോസിയം, ഫുട്ബോള്‍ പ്രദര്‍ശന മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇതെന്ന് പരിപാടിയുടെ ചീഫ് പാട്രണും ഇന്ത്യന്‍ സ്പോര്‍ട് സെന്റര്‍ പ്രസിഡണ്ടുമായ ഡോക്ടര്‍ മോഹനന്‍ തോമസ്, ഡോം ഖത്തര്‍ പ്രസിഡണ്ട് വിസി മഷ്ഹൂദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍, ട്രഷറര്‍ കേശവദാസ്, ചീഫ് കോഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, രതീഷ് കക്കോവ്, സിദ്ദീഖ് വാഴക്കാട്, ശ്രീജിത്ത് സിപി, നിയാസ് കൊട്ടപ്പുറം, ഷഹനാസ് ബാബു, അഹമ്മദ് സാബിര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഖത്തറിലെ വേള്‍ഡ് കപ്പ് ഫുട്ബോള്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ആയ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി നല്‍കുന്ന ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്ബോള്‍ നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റു സംശയങ്ങള്‍ക്കും [email protected] or [email protected] എന്നീ ഈമെയില്‍ വിലാസങ്ങളിലോ 50155524 , 33065549 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!