ഖത്തറില്‍ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുന്നില്ല, 2023 ലെ എ.എഫ്.സി ഏഷ്യന്‍ കപ്പും ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ 2022 ലോകകപ്പോടെ ഖത്തറില്‍ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുന്നില്ല, 2023 ലെ എ.എഫ്.സി ഏഷ്യന്‍ കപ്പും ദോഹയില്‍ നടക്കും. ദോഹയുടെ വീഥികളില്‍ കാല്‍പന്തുകളിയാരവങ്ങള്‍ തുടരുമ്പോള്‍ ലോകകായിക തലസ്ഥാനമെന്ന ബഹുമതി ഖത്തര്‍ സ്വന്തമാക്കും. ലോകോത്തര സ്‌റ്റേഡിയങ്ങളും കായിക സൗകര്യങ്ങളുമൊരുക്കി ദോഹ ലോകത്തിന് മുന്നില്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി ഖത്തറിലേക്കെത്തുകയാണ്.
2023 ല്‍ ചൈനയിലാണ് ഏഷ്യന്‍ കപ്പ് നടക്കാനിരുന്നതെങ്കിലും ശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മറ്റൊരു രാജ്യത്തിലേക്ക് മത്സരങ്ങള്‍ മാറ്റാന്‍ ചൈന സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ പുതിയ ബിഡ് ക്ഷണിച്ചത്.
2023ലെ എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ആതിഥേയരാകുന്നതിന് നേരത്തെ തന്നെ ഖത്തറിന് നറുക്ക് വീണിരുന്നെങ്കിലും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനായിരിക്കും (ക്യുഎഫ്എ) അടുത്തവര്‍ഷം നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ആതിഥേയര്‍. ഫുട്ബോള്‍ അസോസിയേഷന്‍ ഓഫ് ഇന്തോനേഷ്യ, കൊറിയ ഫുട്ബോള്‍ അസോസിയേഷന് എന്നിവയെ മറികടന്നാണ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്.
11-ാമത് എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച എഎഫ്സി പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ക്യുഎഫ്എയുടെ വിജയകരമായ ശ്രമത്തെ പ്രശംസിക്കുകയും ഏഷ്യന്‍ ഫുട്ബോള്‍ കുടുംബത്തിന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
നിലവിലെ എഎഫ്സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാരായ ഖത്തര്‍ 1988, 2011 പതിപ്പുകള്‍ക്ക് ശേഷം മൂന്നാം തവണയും ഭൂഖണ്ഡത്തിലെ ഏറ്റവും അഭിമാനകരമായ പുരുഷ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതോടെ ഏഷ്യന്‍ കപ്പിന് മൂന്ന് പ്രാവശ്യം വേദിയാകുന്ന ഒരേയൊരു രാജ്യം എന്ന സവിശേഷതയും ഖത്തറിന് സ്വന്തമാകും.
എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള ബിഡ്ഡിംഗ് നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുകയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെയും (എഐഎഫ്എഫ്) സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനെയും (സാഫ്) അവസാന രണ്ട് ബിഡ്ഡര്‍മാരായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2023 ഫെബ്രുവരിയില്‍ കോണ്‍ഗ്രസിന്റെ അടുത്ത യോഗത്തില്‍ തീരുമാനമായേക്കും.