ഫിഫ 2022 ലോകകപ്പ് ടീമുകള്‍ നവംബര്‍ ഏഴ് മുതല്‍ ദോഹയില്‍ എത്തിത്തുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമെമ്പാടമുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ടീമുകള്‍ നവംബര്‍ ഏഴ് മുതല്‍ ദോഹയില്‍ എത്തിത്തുടങ്ങും. ഫിഫ 2022 ലോകകപ്പിനായി ഖത്തറിലെത്തുന്ന ആദ്യ ടീം ജപ്പാന്‍, ബ്ലൂ സമുറായി നവംബര്‍ 7 ന് ഇറങ്ങുമെന്ന് സംഘാടകര്‍ വെളിപ്പെടുത്തി.
റഷ്യയില്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റില്‍ റൗണ്ട് ഓഫ് 16ല്‍ എത്തിയ ജപ്പാന്‍ ജര്‍മ്മനി, കോസ്റ്റാറിക്ക, സ്‌പെയിന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയില്‍ കളിക്കുന്നത്.
അവരുടെ ആദ്യ മത്സരം 2014 ലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്കെതിരെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 23 ന് നടക്കും. നവംബര്‍ 27 ന് കോസ്റ്റാറിക്കയെയും ഡിസംബര്‍ 1 ന് സ്‌പെയിനിനെയും ജപ്പാന്‍ നേരിടും.
‘ലോകം ആവേശത്തിലാണ്. ഖത്തര്‍ തയ്യാറായി കഴിഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വേള്‍ഡ് കപ്പാണ് ഖത്തറില്‍ അരങ്ങേറാന്‍ പോകുന്നത്,’ ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ പറഞ്ഞു.
പരിശീലനത്തിനായി സൗദി ടീം അബുദാബിയിലെത്തി. നവംബര്‍ പത്തു വരെ ടീം അബുദാബിയില്‍ ചിലവഴിക്കും. നവംബര്‍ 22 ന് അര്‍ജന്റീനക്കെതിരെയാണ് സൗദിയുടെ ആദ്യത്തെ മത്സരം.