സംസ്‌കൃതി സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്
അമാനുല്ല വടക്കാങ്ങര
ദോഹ. യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിച്ചുവരുന്ന സംസ്‌കൃതി സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്. ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥക്കാണ് പുരസ്‌കാരം.
സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൌലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച 68 കഥകളില്‍ നിന്നാണ് പുരസ്‌കാരത്തിന് അര്‍ഹമായ കഥ തെരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. 2023 ജനുവരിയില്‍ പുരസ്‌കാര സമര്‍പ്പണവും അനുബന്ധ സാംസ്‌കാരിക സമ്മേളനവും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ജനിച്ച പ്രിയ ഭര്‍ത്താവ് റോബിന്‍, മക്കളായ ആമി, മിയ എന്നിവരോടൊപ്പം ഷിക്കാഗോയിലാണ് സ്ഥിരതാമസം. ഐ. ടി. മേഖലയില്‍ ജോലി ചെയ്യുന്നു.
ചെറുകഥക്കുള്ള ഗൃഹലക്ഷ്മി അവാര്‍ഡ് 1991ലും 1992 ലും പ്രിയ ജോസഫിന് ലഭിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം എഴുത്തിലേക്ക് മടങ്ങി വന്ന പ്രിയ 2019 മുതല്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും അനുഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതിവരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാല് കഥകളാണ് പ്രിയയുടേതായി പുറത്ത് വന്നത്. ‘കന്യാവ്രതത്തിന്റെ കാവല്‍ക്കാരന്‍’, ‘കാറല്‍ മാര്‍ക്‌സ് ചരിതം’ (സമകാലിക മലയാളം), ‘ഗുര്‍ജ്ജറി ബാഗ്’ (ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം), ‘തമ്മനം മുതല്‍ ഷിക്കാഗോ വരെ ഒരു അധോലോക കഥ’ (ട്രൂ കോപ്പി തിങ്ക്).
സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി അറളയില്‍, ജനറല്‍ സെക്രട്ടറി എ. കെ. ജലീല്‍, സ്മസ്‌കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമിതി കണ്‍വീനര്‍ ഇ. എം. സുധീര്‍, എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.