ഖത്തറിലെ ലുസൈല്‍ ബസ് ഡിപ്പോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈലില്‍ ഉദ്ഘാടനം ചെയ്ത ലുസൈല്‍ ബസ് ഡിപ്പോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്.
478 ബസുകളുടെ ശേഷിയുള്ള ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് ഗിന്നസ് ബുക്കില്‍ ലുസൈല്‍ ബസ് ഡിപ്പോ സ്ഥാനം പിടിച്ചത്.
ഒക്ടോബര്‍ 16-ന് ഗതാഗത മന്ത്രാലയത്തിനും പൊതുമരാമത്ത് അതോറിറ്റിക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
പ്രതിദിനം കെട്ടിടങ്ങള്‍ക്ക് ആവശ്യമായ 4 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 11,000 പിവി സോളാര്‍ പാനലുകള്‍ ഉള്‍പ്പെടുന്ന ഈ ബസ് ഡിപ്പോ സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ഡിപ്പോയായാണ് .
ഖത്തറിലെ ഏറ്റവും പുതിയ ഗതാഗത സംവിധാനമായ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് (ബിആര്‍ടി) ഇ-ബസുകള്‍ക്കായുള്ള ഒരു പ്രത്യേക മേഖലയും ഇവിടെയുണ്ട്.
1400 പേര്‍ക്ക് താമസിക്കാവുന്ന സ്റ്റാഫ് അക്കോമഡേഷന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 24 മള്‍ട്ടി പര്‍പ്പസ് കെട്ടിടങ്ങളാണ് ഡിപ്പോയിലുള്ളത്.