ഇരുപത്തഞ്ചാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ജനുവരി 6 മുതല്‍ 19 വരെ ബസ്രയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇരുപത്തഞ്ചാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ജനുവരി 6 മുതല്‍ 19 വരെ ബസ്രയില്‍ നടക്കും. ഇന്ന് ബസ്രയില്‍ നടന്ന നറുക്കെടുപ്പ് പ്രകാരം ആതിഥേയരായ ഇറാഖ്, യെമന്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലാണ്. ഗ്രൂപ്പ് ബിയില്‍ ഇടംപിടിച്ച ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ 10 തവണ ചാമ്പ്യന്മാരായ കുവൈറ്റ്, നിലവിലെ ചാമ്പ്യന്‍മാരായ ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരെ നേരിടും.
മത്സരങ്ങളുടെ വിശദാംശങ്ങളും വേദികളും പിന്നീട് അറിയിക്കും.
നിലവില്‍ ഫിഫ ലോകകപ്പ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന മൂന്ന് തവണ ചാമ്പ്യന്മാരായ ഖത്തറിന്, ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ കുവൈറ്റിന്റെയും 2019-ല്‍ ഖത്തറില്‍ നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ സൗദി അറേബ്യയെ തോല്‍പ്പിച്ച ബഹ്റൈന്റെയും സാന്നിധ്യത്തില്‍ ഗ്രൂപ്പില്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. .
ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പ് ചടങ്ങില്‍ അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എജിസിഎഫ്എഫ്), ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി, ഇറാഖ് യുവജന കായിക മന്ത്രി അദ്‌നാന്‍ ദിര്‍ജാല്‍, ബസ്ര ഗവര്‍ണര്‍ അസദ് അബ്ദുല്ലമീര്‍ അല്‍ ഈദാനി, എജിസിഎഫ്എഫ് സെക്രട്ടറി ജനറല്‍ ജാസിം അല്‍ റുമൈഹി എന്നിവരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പില്‍ ക്യുഎഫ്എയെ പ്രതിനിധീകരിച്ച് ക്യുഎഫ്എ എക്‌സിക്യൂട്ടീവ് ഓഫീസ് അംഗം ഹാനി ബല്ലന്‍, ക്യുഎഫ്എ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരി, ക്യുഎഫ്എയുടെ വികസന വകുപ്പ് ഡയറക്ടര്‍ ഫഹദ് താനി എന്നിവര്‍ പങ്കെടുത്തു.
ഇറാഖി ബ്രോഡ്കാസ്റ്റര്‍ സൈനബ് റാബിയാണ് നറുക്കെടുപ്പ് ചടങ്ങ് നിയന്ത്രിച്ചത്. ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്നമായി ”സിന്‍ദ്ബാദ് ദി സെയിലര്‍’ പ്രഖ്യാപിച്ചിട്ടുണ്ട്.
ദ്വിവത്സര അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ആദ്യ പതിപ്പ് 1970-ലാണ് നടന്നത്. കുവൈത്താണ് ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയത്. ഖത്തറിന് പുറമെ സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളും മൂന്ന് തവണ ചാമ്പ്യന്മാരായി. ഒമാനും യു.എ.ഇയും രണ്ട് എഡിഷനുകളില്‍ വീതം വിജയിച്ചു.
1979-ല്‍ അല്‍ ഷാബ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബാഗ്ദാദ് അഞ്ചാം പതിപ്പിന് ആതിഥേയത്വം വഹിക്കുകയും കിരീടം നേടുകയും ചെയ്തതിന് ശേഷം ഇറാഖ് അതിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.