‘നോച്ചെ ദ ഹിന്‍ജാസ്’ ആസ്പയര്‍ ഡോമില്‍ നടന്ന അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ മെഗാ ഫാമിലി മീറ്റ് നവ്യാനുഭവമായി
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിലോകം ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ മാമാങ്കമായ ഫിഫ ലോകകപ്പ് 2022 -നു വിസിലുയരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഖത്തറിലെ ഫുട്‌ബോള്‍ ആരാധക വൃന്ദമായ അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ (എ എഫ് ക്യു) ആസ്പയര്‍ ഡോമില്‍ നടന്ന അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ മെഗാ ഫാമിലി മീറ്റ് നവ്യാനുഭവമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി തുടരുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ക്ക് ശേഷമാണ് ഖത്തറിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍കൊള്ളുന്ന രീതിയില്‍ മെഗാ ഇവന്റായ ‘നോച്ചെ ദ ഹിന്‍ജാസ്’ എന്ന പേരില്‍ അതിവിപുലമായ പരിപാടികളോടെ ആസ്പയര്‍ ഡോം വേദിയില്‍ അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ കുടുംബാംഗങ്ങളുടെ ഒത്തുകൂടല്‍ സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ടു നിന്ന ആഘോഷ പരിപാടി അര്‍ജന്റീന ആരാധകരുടെ ശക്തി വിളിച്ചോതുന്നതായിരുന്നു. മൂവായിരത്തില്‍ കൂടുതല്‍ ആരാധകര്‍ പങ്കെടുത്ത മെഗാ ഫാമിലി ഇവന്റ് വ്യത്യസ്ഥത കൊണ്ടും, പരിപാടിയുടെ നിലവാരം കൊണ്ടും മികച്ചു നിന്നു. റജിസ്റ്റര്‍ ചെയ്ത ആരാധകര്‍ പരപ്രേരണ കൂടാതെ ഒത്തുകൂടുകയും ആഹ്‌ളാദാരവത്തോടെ ആടിതിമിര്‍ക്കുകയും ചെയ്തപ്പോള്‍ ലോകകപ്പിന്റൈ ആവേശം ആസ്പയര്‍ ഡോമിനെ പുളകം കൊള്ളിച്ചു. പങ്കെടുക്കുന്നവരെ ഉള്‍കൊളളുന്ന ആവേശകരമായ മല്‍സര പരിപാടികളും ഫാമിലി മീറ്റിനെ അവിസ്മരണീയമാക്കി.
ആദ്യാവസാനം ആഘോഷ പൂര്‍വം ഒത്തു കൂടിയ എ എഫ് ക്യു അംഗങ്ങള്‍ അച്ചടക്കത്തിന്റെ മികച്ച മാതൃക രചിച്ചു. ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത പരിപാടിയായിരുന്നിട്ടു പോലും ഒരു അച്ചടക്ക രാഹിത്യവും റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് എ എഫ് ക്യു ഉയര്‍ത്തി പിടിക്കുന്ന മാന്യതയുടെ മഹനീയ മുഖമാണു വരച്ച് കാണിച്ചത്.
ഖത്തറിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ഫാമിലി മീറ്റ് വ്യത്യസ്ഥ രാജ്യങ്ങളില്‍ ഉള്ള അര്‍ജന്റീന ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ സംഗമ വേദിയായപ്പോള്‍ മീറ്റിന് വന്നവര്‍ക്കെല്ലാം ഭക്ഷണം വരെ തയ്യാറാക്കികൊണ്ടാണ് സംഘാടകര്‍ ആരാധകരെ സ്വീകരിച്ചത്. ലോക കപ്പു വേദിയാവുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മെമ്പര്‍മാര്‍ അണിനിരന്നു ഉണ്ടാക്കിയ ഖത്തര്‍ 2022 എന്ന തീം വേറിട്ട അനുഭവമായി മാറി.
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റജിസ്‌ട്രേഷനോടെ തുടങ്ങിയ മെഗാ ഫാമിലി ഇവന്റില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഫുട്‌ബോള്‍ കാര്‍ണിവല്‍ എന്ന തീമില്‍ ഫുട്‌ബോള്‍ സംബന്ധമായ നിരവധി കളികള്‍ ഗ്രൗണ്ടില്‍ അരങ്ങേറി. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ അര്‍ജന്റീന, ഖത്തര്‍ ഉള്‍പ്പെടെ വ്യത്യസ്ഥ രാജ്യങ്ങളിലെ അര്‍ജന്റീന ആരാധകരായ എ എഫ് ക്യു മെംബര്‍മാര്‍ അണിനിരന്നു. വൈകിട്ട് 7 മണിക്ക് തുടങ്ങിയ ഔദ്യോഗിക പരിപാടിയില്‍ അര്‍ജന്റീനിയന്‍ അമ്പാസിഡര്‍ ഗില്ലേര്‍മോ നിക്കോളാസു മുഖ്യ അതിഥിയായി പങ്കെടുത്തു. ഔദ്യോഗിക പരിപാടിയ്ക്ക് ശേഷം അരങ്ങേറിയ ഡി ജെ പാര്‍ട്ടി ആരാധകരെ ആവേശഭരിതമാക്കി. അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ സംഘടിപ്പിച്ച ‘നോച്ചെ ദ ഹിന്‍ജാസ്’ കാല്‍പന്തുകളിയാവേശത്തിന്റെ അവിസ്മരണീയമപഹൂര്‍ത്തങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പകര്‍ന്നു നല്‍കിയത്.