മലയാളത്തിന്റെ ഫുട്‌ബോള്‍ ആവേശമായി മോഹന്‍ലാലിന്റെ സല്യൂട്ടേഷന്‍ ടു ഖത്തര്‍
റഷാദ് മുബാറക്
ദോഹ. മലയാളത്തിന്റെ ഫുട്‌ബോള്‍ ആവേശമായി മോഹന്‍ലാലിന്റെ സല്യൂട്ടേഷന്‍ ടു ഖത്തര്‍ . മലപ്പുറത്തിന്റെ ഫുട്‌ബോള്‍ലഹരിയും മനുഷ്യരെ ഒന്നിപ്പിക്കുന്ന ആവേശവും ഒപ്പിയെടുത്ത മോഹന്‍ലാലിന്റെ സല്യൂട്ടേഷന്‍ ടു ഖത്തര്‍ കായിക പ്രേമികളെ മാത്രമല്ല സഹൃദയരെ ഒന്നടങ്കം പിടിച്ചിരുത്തുന്ന സംഗീത വിരുന്നാണ്.
ഖത്തറിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് സംഗീത ആല്‍ബം ഔപചാരികമായി പുറത്തിറക്കിയത്. കേരള ട്രിബ്യൂട്ട് ടു ഖത്തര്‍ വേള്‍ഡ്കപ്പ് എന്ന ഗാനത്തില്‍ ആടിയും പാടിയും ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുമ്പോള്‍ കേരളത്തിന്റെ വിശിഷ്യാ മലപ്പുറത്തിന്റെ ഫുട്ബോള്‍ ജ്വരത്തിനാണ് ഗാനം പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഫുട്‌ബോള്‍ തലസ്ഥാനമായ മലപ്പുറത്തിന് ആഗോള അംഗീകാരം നല്‍കുന്ന രീതിയിലുള്ള സംഗീത ആല്‍ബം എല്ലാ നിലക്കും ശ്രദ്ധേയമാണ്. മോഹന്‍ലാല്‍ തന്നെയാണ് ആലാപനവും.
ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ കൃഷ്ണദാസ് പങ്കിയാണ്. ആശിര്‍വാദിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഗാനത്തിന്റെ വിഡിയോ സംവിധാനം ടികെ. രാജീവ് കുമാറാണ്.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍കും സംയുക്തമായി സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഫിഫ, ആസ്പയര്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തുടങ്ങിയയുടെ പ്രാതിനിധ്യവും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തവും ലോഞ്ചിംഗ് അവിസ്മരണീയമാക്കി.
ഐമാകിലേയും ഖത്തര്‍ കേരളീയത്തിലേയും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ട്രിബ്യൂട്ട് ടു ലാലേട്ടന്‍ എന്ന പരിപാടിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ചീഫ് ഈവന്റ് ഓര്‍ഗനൈസര്‍ ജോണ്‍ തോമസ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
മോഹന്‍ ലാല്‍, സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവരും സംസാരിച്ചു. അറബിക് സബ് ടൈറ്റിലോടു കൂടിയതും ഇംഗ്‌ളീഷ് സബ്‌ടൈറ്റിലുകളോടുകൂടിയതും വീഡിയോ പ്രദര്‍ശിപ്പിച്ചു.
ലോകം മുഴുവന്‍ കാല്‍പന്തിന്റെ ലോക മേളക്കായി ഖത്തറിലെത്തുമ്പോള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമെന്ന നിലക്ക് പോറ്റമ്മ നാടായ ഖത്തറിനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം കൂടിയായാണ് ഈ സമര്‍പ്പണം വിലയിരുത്തപ്പെടുന്നത്.
ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 വിനുളള വരവേല്‍പും ഐക്യദാര്‍ഡ്യവുമായി മലയാളത്തിന്റെ മഹാനടന്‍ ദോഹയിലെത്തിയത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ മാത്രമല്ല സ്വദേശികളിലും വിദേശികളിലും വമ്പിച്ച അലയൊലികളാണ് സൃഷ്ടിച്ചത്.