നവമാധ്യമങ്ങളെ മാനവിക ഐക്യത്തിനായുപയോഗിക്കണമെന്ന് ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ : മനുഷ്യരെ വിഭജിക്കാനും അവര്‍ക്കിടയില്‍ മുറിവുകള്‍ സൃഷ്ടിക്കാനും പലതരം ശ്രമങ്ങള്‍ നടക്കുന്ന പുതിയ കാലത്ത് നവ മാധ്യമങ്ങളെ പരസ്പരമുള്ള ഐക്യത്തിനും ഏകതക്കുമായി ഉപയോഗിക്കാന്‍ സാധിക്കണമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ഖത്തര്‍ ) മാധ്യമ വിഭാഗം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വിവരത്തെയും ഡാറ്റയെയും മുന്‍ നിര്‍ത്തിയുള്ള അധികാര കേന്ദ്രങ്ങള്‍ ലോകത്ത് അധീശത്വം പുലര്‍ത്താന്‍ ശ്രമിക്കുന്നത് കാണാതിരിക്കരുതെന്നും അവയെ മറികടക്കല്‍ എളുപ്പമല്ലെങ്കിലും അവ സൃഷ്ടിക്കുന്ന നിഷേധാത്മക സ്വാധീനങ്ങളെ ജനകീയമായി മറികടക്കാന്‍ ശ്രമിക്കണമെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ മക്തൂബ് മീഡിയ ക്രിയേറ്റീവ് എഡിറ്റര്‍ ഷഹീന്‍ അബ്ദുല്ല പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ ടെക് ഭീമന്‍മാര്‍ കരുത്ത് കാട്ടുന്നു എന്നത് അപകടകരമായ സ്ഥിതി വിശേഷമാണെന്നും പലപ്പോഴും സാധാരണ പൗരന്റെ താല്‍പര്യങ്ങള്‍ക്കല്ല നവ മാധ്യമ രംഗത്തെ ബഹുരാഷ്ട്ര കുത്തകകള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവ മാധ്യമങ്ങളില്‍ സത്യത്തിന്റെ മുഴക്കമുണ്ടാകുകയും നന്‍മേഛുക്കള്‍ പരസ്പരം സൗഹ്യദം നിലനിര്‍ത്തുകയുമാണ് വേണ്ടതെന്ന് കെ.എം സി സി സ്റ്റേറ്റ് സെക്രട്ടറി കോയ കൊണ്ടോട്ടി പറഞ്ഞു. പേര് നോക്കി കണ്ടന്റിന് വിലയിടുന്ന കാലത്ത് മാനവികതയുടെ വാഹകരാകുകയാണ് വേണ്ടതെന്ന് ആര്‍ ജെ ഫെമിന അഭിപ്രായപ്പെട്ടു.
സുന്ദരമായ ആഖ്യാനങ്ങളിലൂടെ എങ്ങിനെ ലോകത്തെ മാറ്റിപ്പണിയാം എന്നാലോചിക്കണമെന്ന് കരീം ഗ്രാഫി അഭിപ്രായപ്പെട്ടു.
വ്യാജ ഉള്ളടക്കങ്ങളെ ചെറുക്കുന്നതിന് ഓരോ പൗരനും ഫാക്ട് ചെക്കര്‍ ആകുകയാണ് വേണ്ടതെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് നസീര്‍ പാനൂര്‍ പറഞ്ഞു. കുത്തകകള്‍ക്ക് തോന്നിയ പോലെ വിവരങ്ങള്‍ ശേഖരിക്കാനും ഇടപെടാനും കഴിയുന്ന സ്ഥിതി ആശങ്കയുയര്‍ത്തുന്നതാണെന്ന് കേരള ഇസ് ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. സകരിയ്യ മാണിയൂര്‍ അഭിപ്രായപ്പെട്ടു. സ്വത്വവാദത്തിന് പകരം നീതിയുടെ പോരാളികളാകുകയാണ് വേണ്ടതെന്ന് സാബിത്ത് മുഹമ്മദ് പറഞ്ഞു.
സി ഐ സി കേന്ദ്ര സമിതി അംഗം അര്‍ശദ് ഇ അധ്യക്ഷത വഹിച്ചു. യൂട്യൂബറായ ലിജി അബ്ദുല്ല, എഴുത്തുകാരന്‍ ഡോ. എ പി ജാഫര്‍, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ് ലം ഈരാറ്റുപേട്ട , സാമൂഹിക പ്രവര്‍ത്തക ഷഹന ഇല്യാസ്, തന്‍സീം കുറ്റ്യാടി, ഹുസൈന്‍ കടന്നമണ്ണ, ഡോ. അബ്ദുല്‍ വാസിഅ് , നസീഹ മജീദ്, ജാസിം കടന്നമണ്ണ, ഹാരിസ് , ജസീം ചേരാപുരം എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരനും ട്രെയിനറുമായ ഡോ. സലീല്‍ ഹസ്സന്‍ സമാപന പ്രഭാഷണം നടത്തി.
സി ഐ സി മീഡിയ ഹെഡ് കെ ടി മുബാറക് സ്വാഗതവും മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടിവ് മെമ്പര്‍ ഹഫീസുല്ല കെ.വി നന്ദിയും പറഞ്ഞു. സാലിം വേളം, ജാഫര്‍ പൈങ്ങോട്ടായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.