വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുവാന്‍ പ്രവാസികള്‍ക്കും സൗകര്യമൊരുക്കണം: അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുവാന്‍ പ്രവാസികള്‍ക്കും സൗകര്യമൊരുക്കണമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.
ഇന്ത്യയിലെ വിവരാവകാശ നിയമം പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടേണ്ട ഒന്നാണ്. എന്നാല്‍ കേരളം അടക്കം പല സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിവരാവകാശ നിയമപ്രകാരം തേടാന്‍ ഇന്നും സാധ്യമാക്കിയിട്ടില്ല. ഇന്നും നേരിട്ട് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധികുകയുള്ളൂവെന്നതിനാല് പ്രവാസികള്‍ പ്രായോഗികമായി വിവരാവകാശ നിയമ പരിധിയില്‍ നിന്ന് പുറത്താണ്. ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഉള്ളത്.
അതേ സമയം, കേന്ദ്ര സര്‍ക്കാറിന്റെ രണ്ടായിരത്തിലധികം വരുന്ന സേവനങ്ങളെക്കുറിച്ച് ഓണ്‍ ലൈന്‍ സംവിധാനം വഴി വിവരാവകാശം തേടാവുന്നതിനാല് പ്രവാസികള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനം ലഭിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് വിവരാവകാശ നിയമപ്രകാരം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ 2019 മുതല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ ആവശ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഒമ്പത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മൂന്ന് ആഴ്ചക്കകം മറുപടി നല്കാന് ചീഫ് ജസ്റ്റീസ് ഡി.ഐ .ചന്ദ്രചൂഡും ജസ്റ്റീസ് പി.എസ്. നിരസിംഹയും ചേര്‍ന്ന ബഞ്ച് രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്കായി ധാരാളം ഫലവത്തായ ഇടപെടലുകള്‍ നടത്താന്‍ പ്രവാസി ലീഗല്‍ സെല്ലിന് സാധിച്ചിട്ടുണ്ട്.