ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ സമാപിച്ചു
റഷാദ് മുബാറക്
ദോഹ.ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ സമാപിച്ചു . ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ പുതിയ അട്ടിമറികളും താരോദയങ്ങളും നടന്ന ലോകകപ്പായാണ് ഫിഫ 2022 അറിയപ്പെടുക. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുന്നേറ്റവും അട്ടിമറി വിജയവും ഏറെ ശ്രദ്ധേയമായിരുന്നു.
ഇന്നലെ വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തില്‍ മൊറോക്കോയും സ്പെയിനും തമ്മിലും രാത്രി 10 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗലും സ്വിറ്റ്സര്‍ലാന്‍ഡും തമ്മിലുമായിരുന്നു അവസാന പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍.
സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോയും സ്വിറ്റ്സര്‍ലാന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കഴിഞ്ഞു.
ഡിസംബര്‍ 9, 10 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുക. ബ്രസീല്‍ ക്രോയേഷ്യ പോരാട്ടം ഡിസംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തിലും നെതര്ലന്റ് അര്‍ജന്റീന പോരാട്ടം അന്ന് രാത്രി 10 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തിലും നടക്കും.
ഡിസംബര്‍ 10 ന് മൊറോക്കോയും പോര്‍ച്ചുഗലും തമ്മില്‍ വൈകുന്നേരം 6 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലും അന്ന് രാത്രി 10 മണിക്ക് ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മിലുള്ള മല്‍സരം അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലും നടക്കും.