ലോകകപ്പ് സമയത്ത് മുശൈരിബ് ഡൗണ്‍ടൗണിലേക്ക് ഒഴുകിയത് 40 ലക്ഷത്തിലധികം സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ ടൗണ്‍ഷിപ്പായ മുശൈരിബ് ഡൗണ്‍ടൗണിലേക്ക് ലോകകപ്പ് സമയത്ത് ഒഴുകിയെത്തിയത് 40 ലക്ഷത്തിലധികം സന്ദര്‍ശകര്‍ . പരമ്പരാഗത കലാ പരിപാടികളും സംഗീതവും പശ്ചാത്തലമൊരുക്കിയ ആഘോഷരാവുകളില്‍ മുശൈരിബ് ഡൗണ്‍ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ജനസാഗരമായിരുന്നു.
ലോകകപ്പ് സമയത്ത് ഖത്തറില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമെത്തിയ 4 ദശലക്ഷത്തിലധികം ആരാധകരെ സ്വീകരിച്ചതിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചതായും ഇത് നഗരത്തെ ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റിയതായും മുശൈരിബ് ഡൗണ്‍ടൗണ്‍ മാനേജ്‌മെന്റ് അറിയിച്ചു.
മ്യൂസിയം എക്സിബിഷനുകള്‍, പ്രകടനങ്ങള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ളതും സമഗ്രവുമായ അനുഭവങ്ങളാണ് നഗരം സമ്മാനിച്ചത്. ഖത്തറി പൈതൃകവും പാരമ്പര്യവും കണ്ടെത്താന്‍ കഴിയുന്ന ഒരു നഗരത്തില്‍ എല്ലാ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങളെയും അതിഥികളെയും ഒരുമിച്ച് കൊണ്ടുവന്നപ്പോള്‍ ആഘോഷങ്ങള്‍ സവിശേഷമായി.