ഖത്തറിലേക്ക് ഇന്ന് മുതല്‍ ഓണ്‍ അറൈവല്‍ വിസയില്‍ വരാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ നേരത്തെ നിലവിലുണ്ടായിരുന്ന വിസ ഓണ്‍ അറൈവല്‍ നടപടികള്‍ പുനരാരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു.
ഹയ്യാ ഓര്‍ഗനൈസേര്‍സിനുള്ള പ്രവേശനം ഇനിയൊരറിയിപ്പുണ്ടാകുന്ന തുടരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നും ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നതിന് വ്യത്യസ്ത നിബന്ധനകളാണ് അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 30 ദിവസം വരെയുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്, റിട്ടേണ്‍ ടിക്കറ്റ്, ഖത്തറില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന അത്രയും ദിവസത്തേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വഴി നടത്തിയ ഹോട്ടല്‍ ബുക്കിംഗ് എന്നിവ വേണം. മറ്റു വെബ്‌സൈറ്റുകള്‍ വഴിയുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ സ്വീകാര്യമല്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി വ്യക്തമാക്കിയിട്ടുണ്ട്