
സാംസ്‌കാരികവും രാഷ്ട്രീയവുമായ കൈമാറ്റങ്ങളുടെ പുതിയ ചരിത്രം രചിച്ച് ഖത്തര്‍ ലോക കപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ : സാംസ്‌കാരികവും രാഷ്ട്രീയവുമായ കൈമാറ്റങ്ങളുടെ പുതിയ ചരിത്രം രചിച്ച് ഖത്തര്‍ ലോക കപ്പ് . കാല്‍പ്പന്തു മത്സരങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച ഖത്തര്‍ 2022, ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കേവലം പന്തുകളിയാഘോഷങ്ങള്‍ എന്നതിനപ്പുറം പരിധികളും പരിമിതികളുമില്ലാത്ത വൈവിധ്യങ്ങളുടെ സംഗമഭൂമിയായി മാറുകയും അങ്കത്തട്ടുകള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുമ്പോള്‍ സാംസ്‌കാരികവും രാഷ്ട്രീയവുമായ കൈമാറ്റങ്ങളുടെ കൂടി വേദിയാണെന്നും ആ നിലയില്‍ ഖത്തര്‍ 2022 ഒരു പുതിയ ചരിത്രം രചിച്ചുവെന്നും മാധ്യമം റീജിയണല്‍ മാനേജര്‍ സാജിദ് കൊച്ചി പറഞ്ഞു. സിഐസി ദോഹ സോണ്‍ സി.ഐ.സി ഹാളില്‍ സംഘടിപ്പിച്ച ‘ഖത്തര്‍ ലോകകപ്പ് പ്രതീക്ഷകള്‍ പ്രചോദനങ്ങള്‍’ എന്ന വിഷയത്തിലുള്ള പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യം ഒരു ലോകമേളക്ക് ആതിഥ്യം അരുളുന്നതെന്നും അതുകൊണ്ടുതന്നെ തുല്യതകളില്ലാത്ത അഗ്‌നിപരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈ കൊച്ചുരാജ്യം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ഉയര്‍ന്ന സംസ്‌ക്കാരവും ക്ഷമയും സൂക്ഷ്മതയും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാശ്ചാത്യന്‍ ഇടപെടലുകളെ മൊത്തത്തില്‍ നിഷേധാത്മകമായി കാണാതെ അത്തരം ഇടപെടലുകളെ സമ്മര്‍ദ്ദ തന്ത്രമായി വിലയിരുത്തിയാല്‍ ഗുണകരമായ ചില മാറ്റങ്ങള്‍ക്കു0 അത് കാരണമായി എന്ന് വിലയിരുത്താന്‍ കഴിയും. ദൈവവിശ്വാസികളായ ജനതയും ദൈവവിശ്വാസം കൈയൊഴിഞ്ഞു ഒരു അതിഭൗതിക ശക്തിയുടെയും ആവശ്യമില്ല എന്ന് വിശ്വസിക്കുന്നവരും ഒരിക്കലും ചിന്തകളിലും, സംസ്‌കാരത്തിലും വ്യവഹാരങ്ങളിലും തുല്യരായിരിക്കുകയില്ല. അതിനാല്‍ത്തന്നെ ദൈവശ്വാസികളുടെ നാട്ടില്‍ നടന്ന ഈ ലോകമത്സരങ്ങള്‍ സംസ്‌കാരങ്ങളുടെ പങ്കുവെപ്പിന് അവസരമൊരുക്കിയിട്ടുണ്ടെന്നും അത് കേവലം സങ്കല്‍പ്പത്തിനും കേട്ടുകേള്‍വിക്കുമപ്പുറം അനുഭവേദ്യമായിരുന്നെന്നും, അതവര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം പടിഞ്ഞാറുനിന്നു വന്നവര്‍ പങ്കുവെക്കാന്‍ മടിച്ചില്ല എന്നും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ലാറ്റിന്‍ അമേരിക്കക്കാര്‍ അറബുനാട്ടിലെ സാംസ്‌ക്കാരിക തനിമളെയും വിശ്വാസവും കര്‍മ്മപരവുമായ വൈവിധ്യങ്ങളെയും നേരിട്ടനുഭവിക്കാന്‍ കാണിച്ച ഉത്സാഹം അവരില്‍ കുടികൊള്ളുന്ന ആത്മീയതയെ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു എന്നും അഭിപ്രായപ്പെട്ടു.
മുഹമ്മദ് ഹാഷിം ഖിറാഅത് നടത്തി. നാസിമുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി ഐ സി ദോഹ സോണ്‍ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ബാബു ഐ എം അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാഷിം ഗാനമാലപിച്ചു. സി ഐ സി ദോഹ സോണ്‍ ആക്ടിങ് സെക്രട്ടറി ജഹ്ഫര്‍ സമാപന പ്രഭാഷണം നടത്തി.