ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി . കൊടിയ ദാരിദ്ര്യത്തെ അതിജീവിച്ച് ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ചതും അറിയപ്പെടുന്നതുമായ അത്ലറ്റുകളില്‍ ഒരാളായി മാറിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെ, 82 ആം വയസ്സില്‍ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ മകള്‍ വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
(ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഇഖ്ബാല്‍ ചേറ്റുവയുടെ മകന്‍ സുഹൈം ഇഖ്ബാല്‍ വരച്ച പെലെയുടെ ചിത്രം)
വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിലും പുറത്തും ചികിത്സയിലായിരുന്നു.
പെലെയുടെ യഥാര്‍ഥ പേര് എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്നാണ്. 1,281 ഗോളുകള്‍ നേടി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ അദ്ദേഹം ഫിഫയുടെ ചരിത്രത്തില്‍ , മൂന്ന് തവണ ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ് .
ഉജ്ജ്വലമായ കഴിവുകളോടും വശ്യമായ പുഞ്ചിരിയോടും കൂടി, ഫുട്ബോളിനെ ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാക്കി മാറ്റാന്‍ സഹായിച്ച അദ്ദേഹം ഏഴ് പതിറ്റാണ്ട് നീണ്ട കരിയറില്‍ മാര്‍പ്പാപ്പമാരെയും പ്രസിഡന്റുമാരെയും ഹോളിവുഡ് താരങ്ങളെയും കാല്‍പന്ത് കളിയിലേക്കാകര്‍ഷിച്ചു.
1940 ഒക്ടോബര്‍ 23-ന് ‘ത്രീ ഹാര്‍ട്ട്സില്‍’ ജനിച്ച എഡ്സണ്‍ അരാന്റേസ് ഡോ നാസിമെന്റോ തന്റെ പിതാവില്‍ നിന്നാണ് കളി പഠിച്ചത്. കാല്‍മുട്ടിനേറ്റ പരുക്ക് മൂലം കരിയര്‍ പാളം തെറ്റിയ ഒരു സെമി-പ്രൊഫഷണല്‍ കളിക്കാരനായിരുന്നു പിതാവ്.
15-ാം വയസ്സില്‍ സാന്റോസില്‍ ചേര്‍ന്ന അദ്ദേഹം ചെറിയ കോസ്റ്റല്‍ ക്ലബ്ബിനെ ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്നാക്കി മാറ്റി. ജീവിതത്തിലും കരിയറിലും വിസ്മയങ്ങള്‍ തീര്‍ത്ത് ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയാണ് അദ്ദേഹം അനശ്വരതയിലേക്ക് യാത്രയായത് .