ഇസ്രയേലിനെതിരെ അടിയന്തിര അന്താരാഷ്ട്ര നടപടി ആവശ്യപ്പെട്ട് ഖത്തര്‍ കാബിനറ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും കാറ്റില്‍പറത്തി ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച രാവിലെ അമീരി ദിവാനില്‍ ചേര്‍ന്ന ഖത്തര്‍ കാബിനറ്റ് ശക്തമായി അപലപിച്ചു. ചൊവ്വാഴ്ച, ഇസ്രായേല്‍ അധിനിവേശ സേനയുടെ സംരക്ഷണയില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി അല്‍-അഖ്‌സയുടെ മുറ്റത്ത് ഇരച്ചുകയറിയത് ന്യായീകരിക്കാനാവില്ല. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഇസ്രയേലിനെതിരെ അടിയന്തിര അന്താരാഷ്ട്ര നടപടി വേണമെന്ന് ഖത്തര്‍ കാബിനറ്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമായും ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ബോധപൂര്‍വമായ പ്രകോപനമായും അനുഗ്രഹീതമായ അല്‍-അഖ്‌സയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇസ്രായേല്‍ ആചാരങ്ങളുടെ അപകടകരമായ വര്‍ദ്ധനയായും മാത്രമേ ഇതിനെ കണക്കാക്കാനാവുകയുള്ളൂവെന്ന് ബാബിനറ്റ് വിലയിരുത്തി