ഖത്തറില്‍ സോഷ്യല്‍ മീഡിയ വഴി ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കലഹത്തിന് പ്രേരിപ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്
അമാനുല്ല വടക്കാങ്ങര
ദോഹ: സോഷ്യല്‍ മീഡിയയില്‍ ഗോത്രവര്‍ഗ കലഹത്തിന് പ്രേരിപ്പിച്ചതിന് മൂന്ന് പേരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
സംശയിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ മതിയായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് നടപടി.
വിവിധ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കിടയില്‍ ‘കലഹങ്ങള്‍ ഇളക്കിവിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ദേശീയ ഐക്യത്തിനായി പരിശ്രമിക്കാനും’ മന്ത്രാലയം ആഹ്വാനം പുതുക്കി.
സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും വിതയ്ക്കാന്‍ ചില വ്യക്തികള്‍ വിവിധ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയാകുന്ന ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.