റൊണാള്‍ഡോ മെസ്സി പോരാട്ടം ബീന്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന റൊണാള്‍ഡോ മെസ്സി പോരാട്ടം നടക്കുന്ന റിയാദ് സീസണ്‍ കപ്പ് ബീന്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും .മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഫ്രാന്‍സ്, തുര്‍ക്കി, ഏഷ്യ, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള സംപ്രേക്ഷണാവകാശം നേടിയതായി ബീന്‍ അറിയിച്ചു.
2023 ജനുവരി 19 വ്യാഴാഴ്ച സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന റൊണാള്‍ഡോ മെസ്സി പോരാട്ടം കായിക ലോകത്ത് ആവേശം നിറക്കുമെന്നുറപ്പാണ് .
ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി സൗഹൃദ മല്‍സരത്തില്‍ സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ ഹിലാലിന്റെയും അല്‍-നാസറിന്റെയും താരങ്ങളെ നേരിടും. അടുത്തിടെ അല്‍-നാസര്‍ ക്ലബ്ബുമായി കരാറൊപ്പിട്ട പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ദീര്‍ഘകാല എതിരാളിയായ പിഎസ്ജി ഫോര്‍വേഡ് ലയണല്‍ മെസ്സിക്കെതിരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. 2020 ഡിസംബറില്‍ യുവന്റസ് ബാഴ്സലോണയെ 3-0ന് തോല്‍പ്പിച്ചതിന് ശേഷം റൊണാള്‍ഡോയും മെസ്സിയും നേരില്‍ ഏറ്റുമുട്ടിയിട്ടില്ല.
റിവര്‍ പ്ലേറ്റിന്റെ മാനേജരായി രണ്ട് തവണ കോപ്പ ലിബര്‍ട്ടഡോസ് ജേതാവായ ഇതിഹാസ മാനേജര്‍ മാര്‍സെലോ ഗല്ലാര്‍ഡോയാണ് സൗദി ടീമിനെ നയിക്കുക. 2022 ഫിഫ ലോകകപ്പ് ഖത്തറില്‍ അടുത്തിടെ ടോപ് സ്‌കോററായിരുന്ന ബ്രസീലിന്റെ നെയ്മറും ഫ്രാന്‍സ് ലോകകപ്പ് താരം കൈലിയന്‍ എംബാപ്പെയും പിഎസ്ജിയുടെ റാങ്കിലുണ്ടാകും.
മെനയില്‍, മത്സരത്തിന് മുമ്പുള്ള തത്സമയ സ്റ്റുഡിയോ കവറേജ് ബീന്‍ സ്പോര്‍ട്സ് ഫ്രീ-ടു-എയര്‍ ചാനലിലും ബീന്‍ സ്പോര്‍ട്സ് 2-ലും അറബിയില്‍ പ്രാദേശിക സമയം 7 മണിക്ക് ആരംഭിക്കും. അതേസമയം ഇംഗ്ലീഷ് കവറേജ് ബീന്‍ സ്പോര്‍ട്സ് ഇംഗ്ലീഷ് 1-ല്‍ വൈകുന്നേരം 7:30-നാണ് ആരംഭിക്കുക.
സൗദി അവതാരകന്‍ താരിഖ് അല്‍ ഹമ്മദ് അറബിക് സ്റ്റുഡിയോ വിശകലനത്തിന് നേതൃത്വം നല്‍കും, മുന്‍ സൗദി ദേശീയ ടീം ക്യാപ്റ്റന്‍ യാസര്‍ അല്‍ ഖഹ്താനി, മുന്‍ ടുണീഷ്യന്‍ പ്രൊഫഷണലും ആഫ്രിക്കന്‍ ഫുട്ബോളറുമായ താരെക് ദിയാബ്, മുന്‍ ഈജിപ്ഷ്യന്‍ പ്രൊഫഷണല്‍ താരമായ മുഹമ്മദ് അബൗട്രിക്ക എന്നിവരും പങ്കെടുക്കും.
നിലവില്‍ ദോഹയിലെ പിഎസ്ജി അക്കാദമിയുടെ സാങ്കേതിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ പ്രൊഫഷണലും പിഎസ്ജി കളിക്കാരനുമായ ദിദിയര്‍ ഡോമിയില്‍ നിന്നുള്ള വിദഗ്ധ വിശകലനത്തോടെ ബീന്‍ സ്‌പോര്‍ട്‌സ് അവതാരകയായ നിക്കി ക്രോസ്ബിയാണ് ഇംഗ്ലീഷ് സ്റ്റുഡിയോയെ നയിക്കുക