ഖത്തര്‍ പ്രവാസിയുടെ പ്രഥമ നോവല്‍ സ്‌നേഹ മല്‍ഹാര്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ പ്രവാസി ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി നാസിമുദ്ദീന്‍’ കെ.മരക്കാറിന്റെ പ്രഥമ നോവല്‍’ സ്‌നേഹ മല്‍ഹാര്‍ പ്രകാശനം ചെയ്തു. കൊടുങ്ങല്ലുര്‍ സീഷോര്‍ റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍ പി.എം.മുഹമ്മദ് ഹാജിക്ക് ആദ്യ പ്രതി നല്‍കി ചലച്ചിത്ര സംവിധായകന്‍ കമലാണ് പ്രകാശനം നിര്‍വഹിച്ചത്.
ഭക്ഷണത്തിലും വസ്ത്രത്തിലും രാജ്യസ്‌നേഹവും രാജ്യദ്രോഹവും അളക്കുന്ന രീതിയില്‍ ഇന്ത്യന്‍ ജീവിത സാഹചര്യം മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് വലിയ സ്ഥാനമാണുള്ളതെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ കമല്‍ അഭിപ്രായപ്പെട്ടു. അതു കൊണ്ട് തന്നെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനവും ‘ അതുപോലെയുള്ള കൃതികളും കൂടുതല്‍ പ്രസക്തമാകുന്നത്. ഇതിനനുസൃതമായി പുതിയ കാലത്തിലും കാണാനാകുന്നുണ്ട്. ഇന്ത്യയുടെ സമകാലിക ജീവിത സാഹചര്യത്തിന്റെ പ്രേരണയാല്‍ മലയാളികളും പൊതുവെ മതം ഭക്ഷിക്കുന്നവരും വിവാദം ഭക്ഷിക്കുന്നവരുമായി മാറിയിരിക്കുകയാണെന്നും കമല്‍ പറഞ്ഞു.
നോവലിസ്റ്റ് ടി.കെ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകം കവി ബക്കര്‍ മേത്തല പരിചയപ്പെടുത്തി. എഴുത്തുകാരി ശ്രീലത വര്‍മ്മ വിശിഷ്ടാതിഥിയായിരുന്നു.പോള്‍ മുണ്ടാടന്‍, മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റര്‍ പി.ഐ.നൗഷാദ്, നാടകകൃത്ത് മോഹന്‍ ബാബു തെക്കേപ്പാട്ട്, കബീര്‍ ഹുസൈന്‍, കെ.കെ.അബീദലി, പത്രപ്രവര്‍ത്തകന്‍ സലാം കാവാട്ട്, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്റ് ഹൗസ് പ്രസാധകന്‍ സുനില്‍. പി. മതിലകം സ്വാഗതം നാസിമുദീന്‍.കെ.മരക്കാര്‍ നന്ദിയും പറഞ്ഞു.