കുവൈറ്റ് പ്രീമിയര്‍ ലീഗിലെ അല്‍ ജഹ്റ എസ്സിയില്‍ ചേര്‍ന്ന അബ്ദുല്‍കരീം ഹസ്സനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്‍ സദ്ദ് എസ് സി
അമാനുല്ല വടക്കാങ്ങര
ദോഹ: കുവൈറ്റ് പ്രീമിയര്‍ ലീഗിലെ അല്‍ ജഹ്റ എസ്സിയില്‍ ചേര്‍ന്ന് അബ്ദുല്‍കരീം ഹസ്സനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് ടീം അല്‍ സദ്ദ് എസ് സി അറിയിച്ചു.
ന്യായമായ കാരണം കൂടാതെ ഹസ്സന്‍ അല്‍ സദ്ദ് എഫ്സിയുമായുള്ള തന്റെ തൊഴില്‍ കരാര്‍ ഏകപക്ഷീയമായി നേരത്തെ അവസാനിപ്പിച്ചതായി ക്ലബ് അവരുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
സ്വന്തം പ്രതിച്ഛായയും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി കളിക്കാരന്‍/അബ്ദുള്‍ കരീം ഹസ്സനും ഏതെങ്കിലും മൂന്നാം ക്ലബ്ബിനുമെതിരെ പ്രസക്തമായ എല്ലാ നിയമനടപടികളും സ്വീകരിക്കാന്‍ അല്‍ സദ്ദ് എഫ്സി ഇതിനകം തന്നെ അവരുടെ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഹസനെ ടീമില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കിയതായി ഡിസംബര്‍ 21ന് അല്‍ സദ്ദ് ട്വീറ്റ് ചെയ്തിരുന്നു.
2018 ലെ ഏഷ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ ആയ ഹസ്സന്‍, കുവൈറ്റിന്റെ അല്‍ ജഹ്റയുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്.
സാമൂഹ്യ മാധ്യമങ്ങളിലെ മോശമായ പ്രതികരണത്തിനുള്ള അച്ചടക്ക നടപടിയായി ഈ മാസം ആദ്യം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ദേഹത്തെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും 200,000 റിയാല്‍ പിഴ ചുമത്തുകയും ശമ്പളത്തിന്റെ 50 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.