Archived ArticlesUncategorized

ലിബറലിസത്തിന്റെ ചതിക്കുഴികളെ ഓര്‍മിപ്പിച്ചും മൂല്യവിചാരങ്ങള്‍ക്ക് ദിശ പകര്‍ന്നും സി ഐ സി സൗഹൃദ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ : ജെന്റര്‍ ന്യൂട്രല്‍ കാഴ്ചപ്പാട് പുരോഗമനത്തിന്റെ മറവില്‍ അരാജകത്വം വ്യവസ്ഥാപിതമാക്കാനുള്ള ശ്രമമാണെന്നു ഊന്നിപ്പറഞ്ഞും ലിബറലിസത്തിന്റെയും ജന്‍ഡര്‍ രാഷ്ടീയത്തിന്റെയും വക്താക്കള്‍ തീര്‍ക്കുന്ന ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയും മൂല്യവിചാരങ്ങള്‍ക്ക് ദിശ പകര്‍ന്നും സി ഐ സി സംഘടിപ്പിച്ച സൗഹ്യദ സംഗമം ശ്രദ്ധേയമായി.

അതിര്‍വരമ്പുകളെ ജീവിതത്തിന്റെ സൗന്ദര്യമാക്കി മാറ്റുമ്പോഴാണ് ജീവിതം അര്‍ഥവത്താകുന്നതെന്നും ലിബറലിസം കുടുംബ -സാമൂഹിക ഘടനകളെ തകര്‍ക്കുകയാണ് ചെയ്യുന്നത് എന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റും കോഴിക്കോട് ഇഖ്‌റഅ്  ഹോസ്പിറ്റല്‍ ഫിസിയോ തെറാപ്പി വിഭാഗം മേധാവിയുമായ കെ മുഹമ്മദ് നജീബ് പറഞ്ഞു.

എല്ലാ തരം ലൈംഗികതകളും സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ത്ത് പുതു തലമുറയെ അരാജാകമാക്കാനാണ് ശ്രമം നടക്കുന്നത്. മാറാനും മുറിക്കാനും പറ്റാത്ത പരിപാലിക്കപ്പെടേണ്ട മൂല്യമാണ് കുടുംബത്തിന്റെത്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥാപനമാണ് കുടുംബമെന്നും അത് തകര്‍ന്നാല്‍ ജീവിതം തകര്‍ന്നു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എതിര്‍വര്‍ഗ ലൈംഗികതയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വിപണന തന്ത്രങ്ങള്‍ക്ക് മലയാളിയെ വിട്ടു നല്‍കുകയാണ്. അച്ചനാരെന്നറിയാത്ത തലമുറകള്‍ എങ്ങിനെയാണ് പശ്ചാത്യ ലോകത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് മനസിലാക്കുമ്പോഴാണ് പൗരസ്ത്യ സമൂഹങ്ങളുടെ കുടുംബ – സാമൂഹിക ഘടനകളുടെ പ്രസക്തി മനസിലാകുകയെന്നും ‘നവ കാഴ്ചപ്പാടുകളും കുടുംബ ഘടനയുടെ ഭാവിയും’ എന്ന വിഷയമവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.

വ്യക്തിവാദം പ്രാമുഖ്യം നേടുന്ന കാലത്ത് മൂല്യങ്ങളെ തിരിച്ചു പിടിച്ചും കുടുംബ ഘടനയെ ശക്തിപ്പെടുത്തിയും ജീവിതത്തെ താളാത്മകമാക്കണമെന്ന് ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു.

മൂല്യ സങ്കല്‍പങ്ങള്‍ അട്ടിമറിക്കപ്പെടുകയും അധീശ ശക്തികളുടെ കമ്പോള താല്‍പര്യങ്ങള്‍ മനുഷ്യ ജീവിതത്തില്‍ പിടിമുറുക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തിന്റെ ആത്മാവിനെ തിരിച്ചു പിടിക്കണമെന്നും
‘വ്യക്തി , കുടുംബം, സമൂഹം – വിജയവഴിയിലെ ധാര്‍മിക പാഠങ്ങള്‍’എന്ന വിഷയമവതരിപ്പിച്ച അദ്ദേഹം പറഞ്ഞു.

വക്‌റ ബര്‍വ വില്ലേജില്‍ നടന്ന സൗഹൃദ സംഗമം സി ഐ സി പ്രസിഡണ്ട് ടി.കെ.ഖാസിം ഉദ്ഘാടനം ചെയ്തു.സി ഐ സി കേന്ദ്ര സമിതി അംഗം അര്‍ശദ് ഇ അധ്യഷത വഹിച്ചു.
അശോകന്‍ ചിറയിന്‍കീഴ് , ശ്രീജിത്ത് മാസ്റ്റര്‍ അങ്കമാലി, അപര്‍ണ്ണ , സുനില്‍ പെരുമ്പാവൂര്‍, ഡേവിഡ്, ബ്ലെസി തിരുവനന്തപുരം, ഹണിമോള്‍ എന്നിവര്‍ സംസാരിച്ചു.
ഹബീബ് റഹ്‌മാന്‍ കീഴിശ്ശേരി സമാപന പ്രഭാഷണം നടത്തി.
അക്ബര്‍ ചാവക്കാട് ഗാനമാലപിച്ചു.

Related Articles

Back to top button
error: Content is protected !!