പട്ടാമ്പി കൂട്ടായ്മ ജനറല്‍ ബോഡി യോഗവും ഹംസ പുളിക്കലിനുള്ള യാത്രയയപ്പും
അമാനുല്ല വടക്കാങ്ങര
ദോഹ: പട്ടാമ്പി കൂട്ടായ്മ ജനറല്‍ ബോഡി യോഗവും ഹംസ പുളിക്കലിനുള്ള യാത്രയയപ്പും ഏഷ്യന്‍ ടൗണിലുള്ള സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ നടന്നു.
പട്ടാമ്പി കൂട്ടായ്മ പ്രസിഡന്റ് ഫൈസല്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഈ കൂട്ടായ്മയില്‍ അംഗങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.
തുടര്‍ന്ന് 2022-23 കാലയളവിലേക്കുള്ള കൂട്ടായ്മയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് വൈസ് പ്രസിഡന്റ് ഷമീര്‍ സംസാരിച്ചു. നോര്‍ക്കയില്‍ പ്രവാസികള്‍ക്കുള്ള അംഗത്വം, പ്രവാസിക്ഷേമ നിധി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സബ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ക്ലാസെടുത്തു. പ്രവാസിയുടെ ആരോഗ്യ കാര്യങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍ ഫിസിയോതെറാപ്പി സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് ഹനീഫ് സംസാരിച്ചു.
അംഗങ്ങള്‍ക്കുള്ള നിക്ഷേപ സാധ്യതകളെകുറിച്ചും പുതിയ പ്രൊജക്റ്റിനെ സംബന്ധിച്ചും ഷാനവാസ് സംസാരിച്ചു. അംഗങ്ങങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികളും വിശദീകരണങ്ങളുമായി നടന്ന ചര്‍ച്ച അലി, ഷബീബ്, നിസാര്‍, ബാബു എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു.
ഖത്തറിലെ 40 വര്‍ഷത്തെ സുദീര്‍ഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പട്ടാമ്പി കൂട്ടായ്മയുടെ മുതിര്‍ന്ന അംഗമായ ഹംസ പുളിക്കലിന് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മെമെന്റോ നല്‍കി ആദരിച്ചു.
തുടര്‍ന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സൈതലവി മെമെന്റോ നല്‍കി ആദരിച്ചു.
ചടങ്ങില്‍ പ്രവര്‍ത്തക സമതി അംഗങ്ങളായ അന്‍വര്‍, നിഷാദ്, ഫാസില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷാഫി പടാത്തൊടി സ്വാഗതവും ഫൈസല്‍ ബാബു നന്ദിയും അറിയിച്ചു.