ഫിഫ ലോകകപ്പിലെ എല്ലാ മാലിന്യങ്ങളും റീസൈക്കിള്‍ ചെയ്ത് ഊര്‍ജമാക്കി മാറ്റിയതായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പിലെ എല്ലാ മാലിന്യങ്ങളും റീസൈക്കിള്‍ ചെയ്ത് ഊര്‍ജമാക്കി മാറ്റിയതായി ഖത്തര്‍.
ഫിഫ ലോകകപ്പ് ഖത്തറില്‍ നിന്ന് ഉല്‍പാദിപ്പിച്ച എല്ലാ മാലിന്യങ്ങളും പുനരുപയോഗം ചെയ്യുന്നതിനും ഊര്‍ജ മേഖലയില്‍ അതിന്റെ പ്രയോജനം നേടുന്നതിലും മന്ത്രാലയത്തിന് കഴിഞ്ഞതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതില്‍ ഖത്തര്‍ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്നതിന് മന്ത്രാലയം ഫലപ്രദമായി സംഭാവന നല്‍കിയതായും മാലിന്യ പുനരുപയോഗത്തിലും മികച്ച നേട്ടം കൈവരിച്ചതായും രണ്ടാം ലോക എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 100% റീസൈക്കിള്‍ ചെയ്ത് ഊര്‍ജമാക്കി മാറ്റുന്ന ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തേതാണ് ഖത്തര്‍ ലോകകപ്പ് 2022 എന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
ഖത്തറിലെ എട്ട് മുനിസിപ്പാലിറ്റികളെയും ആരോഗ്യകരമായ നഗരങ്ങളായി ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഖത്തരി നഗരങ്ങളെ ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയുടെ ശൃംഖലയിലേക്ക് ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ സംരംഭങ്ങളും നേട്ടങ്ങളും അദ്ദേഹം സ്പര്‍ശിച്ചു. ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഉദ്യമത്തിലെ വിജയം, 2010-നും 2022-നും ഇടയില്‍ ഹരിത ഇടങ്ങളുടെ അനുപാതം 10 മടങ്ങ് വര്‍ധിച്ചത് എന്നിവയും മന്ത്രാലയത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.