40 വയസ്സ് തികഞ്ഞവര്‍ക്കും ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ഖത്തറില്‍ താമസമാക്കിയവരുമായ വിദേശികള്‍ക്കേ ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് അപേക്ഷിക്കാനാകൂ
അമാനുല്ല വടക്കാങ്ങര
ദോഹ: 40 വയസ്സ് തികഞ്ഞവര്‍ക്കും ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ഖത്തറില്‍ താമസമാക്കിയവരുമായ വിദേശികള്‍ക്കേ ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് അപേക്ഷിക്കാനാകൂ . ഹജ്ജ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അവരുടെ രണ്ട് ഡോസ് കോവിഡ്-19 വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും തീര്‍ഥാടകര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവയ്പ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും വാക്സിനേഷന്‍ എടുത്തതിന്റെ തെളിവ് അപേക്ഷയോടൊപ്പം നല്‍കുകയും ചെയ്യണമെന്നും എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.
ഖത്തറിലെ പ്രവാസികളുടെ പ്രായം 40 വയസ്സില്‍ കുറയാത്തതായിരിക്കണമെന്നും ഖത്തറില്‍ 10 വര്‍ഷം താമസിക്കണമെന്നും വകുപ്പ് വ്യവസ്ഥ ചെയ്തു. എന്നാല്‍ ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തറില്‍ താമസിക്കുന്ന ജിസിസി നിവാസികള്‍ക്കും 18 വയസ്സ്ാണ് മിനിമം പ്രായം.
അപേക്ഷകന്‍ അവരുടെ ഫോണ്‍ നമ്പര്‍ സഹിതം Hajj.gov.qa എന്ന വബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് 2023 ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ 8 മണിക്ക് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങും. മാര്‍ച്ച് 12 വരെ ഒരു മാസം മുഴുവനും അപേക്ഷ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച മുതല്‍ പത്ത് ദിവസത്തിനകം ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.