മൂന്ന് വര്‍ഷം കൊണ്ട് 35,000 ടണ്‍ പച്ചപ്പുല്ല് ഉല്‍പാദിപ്പിച്ചു: ഹസാദ് ഫുഡ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ ഭക്ഷ്യ-കാര്‍ഷിക വ്യവസായ മേഖലകളിലെ നിക്ഷേപ വിഭാഗമായ ഹസാദ് ഫുഡ് മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ പ്രാദേശിക നിക്ഷേപത്തിലൂടെ ഏകദേശം 35,000 ടണ്‍ പച്ചപ്പുല്ല് (ആല്‍ഫ ആല്‍ഫ, റോഡ്സ് & ബാര്‍ലി) ഉല്‍പാദിപ്പിച്ചതായി ഹസാദ് ഫുഡ് പ്രഖ്യാപിച്ചു. ഖത്തറിന് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് കന്നുകാലി മേഖലയുടെ പുരോഗതിക്ക് സഹായകമാകുന്ന നടപടിയാണിത്.
സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സഹായിക്കുന്ന പ്രോജക്ടുകളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഹസാദിന്റെ നിക്ഷേപ തന്ത്രത്തിന് അനുസൃതമായി പച്ചപ്പുല്ല് ഉല്‍പ്പാദിപ്പിക്കുന്നതിനായി, ഇര്‍ക്കിയ, അ’റിഫ, അ’ല്‍ സെയ്ലിയ എന്നീ മൂന്ന് ഫാമുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രാദേശികമായി കൃഷി ചെയ്യുന്ന ഭൂവിസ്തൃതി ഏകദേശം 10 ദശലക്ഷം ചതുരശ്ര മീറ്ററായി ഹസാദ് വര്‍ദ്ധിപ്പിച്ചതായി കമ്പനി പറഞ്ഞു.
1.8 ദശലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പച്ചപ്പുല്ല് ഉല്‍പാദനത്തിനായി അഞ്ച് അധിക മേഖലകള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടുന്ന ഒരു പദ്ധതിയുമായാണ് ഹസാദ് മുന്നോട്ടുപോകുന്നത്.