ഷക്കീര്‍ ചീരായിയുടെ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ശ്രമം ഫെബ്രുവരി 17ന്
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നടക്കുന്ന വിവിധ മാരത്തണുകളിലെ ശ്രദ്ധേയമായ ഇന്ത്യക്കാരനായി മാറിയ തലശ്ശേരി സ്വദേശി ഷക്കീര്‍ ചീരായിയുടെ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ശ്രമം ഫെബ്രുവരി 17ന് നടക്കും. ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ നില്‍ക്കാതെ ഓടി റിക്കോര്‍ഡ് സൃഷ്ടിക്കാനാണ് ശ്രമം. ഫെബ്രുവരി 17 ന് രാവിലെ 6 മണിക്ക് ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറയില്‍ നിന്നും ആരംഭിച്ച് ഖത്തറിന്റെ വടക്കെ അറ്റമായ അല്‍ റുവൈസ് വരെ ഓടുകയെന്നതാണ് ഷക്കീര്‍ ചീരായിയെന്ന മലയാളി യുവാവ് ഏറ്റെടുത്ത ദൗത്യം. ഏകദേശം 192 കിലോമീറ്റര്‍ ദൂരം 28 മണിക്കൂറുകള്‍കൊണ്ട് പൂര്‍ത്തിയാക്കി പുരുഷന്മാരുടെ വിഭാഗത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിക്കാനാണ് ഷക്കീര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് ടുണീഷ്യന്‍ അത്ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂറും 19 മിനിറ്റും എന്നതാണ് നിലവിലെ റെക്കോര്‍ഡ്.വെല്‍നസ് ഹാപ്പിനസ് റണ്ണില്‍ നിലവിലെ റെക്കോര്‍ഡ് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ അള്‍ട്രാ മാരത്തണ്‍ അത്ലറ്റ്.
വനിതകളുടെ വിഭാഗത്തില്‍ കഴിഞ്ഞ മാസം ഇന്ത്യക്കാരിയായ സൂഫിയാ സൂഫി 30 മണിക്കൂര്‍ 34 മിനുട്ടില്‍ ഇത്രയും ദൂരം പിന്നിട്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
ബികോമും പഠിച്ച് നാട്ടില്‍ ടൈറ്റാനിക് ഷോറൂമിലെ സെയില്‍സ് മാനായിരുന്ന ഷക്കീര്‍ ചീരായിയുടെ മാരത്തണ്‍ സ്വപ്‌നങ്ങള്‍ മുളക്കുന്നത് താന്‍ ജോലി ചെയ്യുന്ന ദോഹ ബാങ്ക് അല്‍ ദാന ഗ്രീന്‍ റണ്ണിലൂടെയാണ്. അതോടെ ദീര്‍ഘ ദൂര ഓട്ടം ഒരു പാഷനായി മാറുകയും സ്വന്തമായ പരിശ്രമങ്ങളിലൂടെ മികച്ച അള്‍ട്രാ മാരത്തണ്‍ റണ്ണറായി മാറുകയുമായിരുന്നു. 2016 ലും 17 ലും ദുബൈ മാരത്തണില്‍ പങ്കെടുത്ത് 42 കിലോമീറ്റര്‍ ദൂരം 3 മണിക്കൂറും 10 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തോളമായി 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖത്തര്‍ ഈസ്റ്റ് വെസ്റ്റ് അള്‍ട്രാ റണ്ണില്‍ പങ്കെടുക്കാറുള്ള 2023 ജനുവരിയില്‍ ശക്തമായ മഴയും തണുപ്പും വകവെക്കാതെ 66 രാജ്യങ്ങളില്‍ നിന്നായി 744 പേര്‍ പങ്കെടുത്ത ഖത്തര്‍ ഈസ്റ്റ് വെസ്റ്റ് അള്‍ട്രാ റണ്ണില്‍ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഖത്തര്‍ വെല്‍നസ് ചലഞ്ചേഴ്സ് എന്ന കൂട്ടായ്മയുടെ പിന്തുണയും പ്രോല്‍സാഹനവുമാണ് ഈ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ശ്രമത്തിലെത്തിച്ചത്. വെല്‍നസ് ഹാപ്പിനസ് റണ്ണ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമം ആരോഗ്യകരമായ ജീവിത ശൈലിയെ കുറിച്ച് ഖത്തറിലെ താമസക്കാരെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് സംഘടിപ്പിക്കുന്നതെന്ന് ടിക് ടോകിലൂടേയും അല്ലാതെയും ആരോഗ്യകരമായ ടിപ്പുകളും ഉപദേശങ്ങളും നല്‍കാറുള്ള ഷക്കീര്‍ പറഞ്ഞു.