ഹിംയാന്‍ കാര്‍ഡ് സുരക്ഷിതമായ രീതിയില്‍ ചിലവ് നിയന്ത്രിക്കുവാന്‍ സഹായകമാകും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഖത്തറിലെ ആദ്യത്തെ ദേശീയ പ്രീപെയ്ഡ് കാര്‍ഡായ ഹിംയാന്‍ കാര്‍ഡ് സുരക്ഷിതമായ രീതിയില്‍ ചിലവ് നിയന്ത്രിക്കുവാന്‍ സഹായകമാകുമെന്ന് വിദഗ്ധര്‍. ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്ത രീതിയിലാണ് ഹിംയാന്‍ കാര്‍ഡ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന വിവരമനുസരിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളും ഹിംയാന്‍ കാര്‍ഡ് ഇഷ്യൂ ചെയ്യാം. മറ്റു ബാങ്ക് കാര്‍ഡുകള്‍ പോലെ വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എം മെഷീനുകളിലും ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഹിംയാന്‍ കാര്‍ഡ് ഉപയോഗിക്കാം.
പ്രീപെയ്ഡ് ടെലിഫോണ്‍ കാര്‍ഡ് പോലെ ഹിംയാന്‍ കാര്‍ഡിലേക്ക് ആദ്യം പണം ട്രാന്‍സ്ഫര്‍ ചെയ്യണം. ഇങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണം മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. പണം തീര്‍ന്നാല്‍ ടെലിഫോണ്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നപോലെ പോലെ വീണ്ടും പണം റീഫില്‍ ചെയ്യാം. അതിനാല്‍ ബഡ്ജറ്റിനനുസരിച്ച് ചിലവഴിക്കുന്ന സംസ്‌കാരം വളരും. ദൈനം ദിന ചിലവുകള്‍ക്കായി കാശ് കൊണ്ടുനടക്കാതെ അനായാസം ഇടപാടുകള്‍ ചെയ്യാന്‍ സഹായിക്കുന്നുവെന്നതാകും ഈ കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത
ഹിംയാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ സന്ദര്‍ശകര്‍ക്കും ക്യാഷ് ഉപയോഗിക്കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം.
കാര്‍ഡ് ലഭിക്കാന്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കാര്‍ഡില്‍ നിക്ഷേപിക്കുന്ന പണം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നതിനാല്‍ മറ്റു ബാങ്ക് എക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.
ഹിംയന്‍ കാര്‍ഡ് ലഭ്യമാണെന്ന് ഖത്തര്‍ ഇസ് ലാമിക് ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക്, ഖത്തര്‍ നാഷണല്‍ ബാങ്ക് തുടങ്ങിയ പല ബാങ്കുകളും ഇതിനകം തന്നെ അറിയിച്ചു കഴിഞ്ഞു.