മൂന്ന് പേരുടെയൊന്നിച്ചുള്ള ജനാസ നമസ്‌കാരത്തിന് സാക്ഷിയായി ഹമദ് മോര്‍ച്ചറി , സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ഡോം ഖത്തര്‍ പ്രസിഡണ്ട് വി.സി.മശ്ഹൂദിന്റെ വൈകാരിക കുറിപ്പ്
ദോഹ. ഇന്നലെ ഉച്ചക്ക് ശേഷം ഹമദ് മോര്‍ച്ചറി പരിസരത്ത് നടന്ന മൂന്ന് മലയാളികളുടെ ജനാസ നമസ്‌കാരത്തിന്റെ വൈകാരിക തലങ്ങള്‍ ഒപ്പിയെടുത്ത് ഡോം ഖത്തര്‍ പ്രസിഡണ്ട് വി.സി.മശ്ഹൂദിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഖത്തറിലെ മന്‍സൂറ ബില്‍ഡിങ്ങ് അപകടത്തില്‍ പെട്ട് മരണമടഞ്ഞ നമ്മുടെ സഹോദരന്‍മാരായ മാറഞ്ചേരി സ്വദേശി നൗഷാദിന്റെയും പൊന്നാനി സ്വദേശി അബു, കാസര്‍കോഡ് സ്വദേശി അശ്‌റഫ് എന്നിവരുടെ മയ്യത്ത് നമസ്‌കാരം ദോഹയിലെ ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറി പരിസരത്ത് വെച്ച് നടന്നു. നിരവധിപേര്‍ മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. ഒരുപാടില്ലെങ്കിലും വിവിധ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും സന്നിഹിതരായിരുന്നു. മൂന്ന് മയ്യത്തുകളും ഇന്നലെ തന്നെ നാട്ടിലേക്ക് കൊണ്ട് പോയി ഒരു വിമാനത്തില്‍ ഒരു മൃതദേഹം മാത്രമേ കൊണ്ടുപോകാന്‍ പറ്റൂ എന്നതിനാല്‍ കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ വിമാനങ്ങളിലും, കണ്ണൂരിലേക്കുള്ള വിമാനത്താവളങ്ങളിലേക്കാണ് കൊണ്ട് പോയത്. അതേ അപകടത്തില്‍ പെട്ട ഫൈസല്‍ കുപ്പായിയുടെ മൃതദ്ദേഹം രണ്ട്ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിച്ച് ഖബറടക്കിയത്. എല്ലാവരുടെയും ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് നാട്ടില്‍ നടന്നത്. പാരത്രികമോക്ഷം മാത്രമാഗ്രഹിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മറ്റിയിലെ സാരഥികള്‍ ഖാലിദ്(കല്ലു) മെഹ്ബൂബ് നാലകത്ത്, അബ്ബാസ് മുക്കം ഉള്‍പ്പെടെയുള്ള നിഷ്‌കാമകര്‍മ്മികളുടെ സേവനസന്നദ്ധത ഒരിക്കല്‍ കൂടി ഓര്‍ക്കുകയാണ് . ഇതൊക്കെ പ്രതിഫലാര്‍ഹമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്നലെമോര്‍ച്ചറിയില്‍ വെച്ച്കണ്ട കണ്ണീരില്‍കുതിര്‍ന്ന മരണപ്പെട്ടവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍കൊണ്ടാകില്ലായിരുന്നു. എല്ലാവര്‍ക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെയെന്നും കുടുംബങ്ങള്‍ക്ക് താങ്ങാനുള്ള കരുത്തുണ്ടാവട്ടെയെന്നും ഇത്തരം അപകടങ്ങളമരണങ്ങളില്‍ നിന്ന് എല്ലാവരെയും കാക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. – വി.സി.മശ്ഹൂദ്