ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട
അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട . ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് നിരവധി മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്, ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പാഴാണ് അതില്‍ നിരവധി മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ഒരു പാക്കറ്റ് ച്യൂയിംഗ് ഗമിനുള്ളില്‍ 10 മരിജുവാന ഗുളികകളും 189.40 ഗ്രാം മരിജുവാനയും 6 സ്‌മോക്കിംഗ് ഹെഡ്‌സും കണ്ടെടുത്തു.
മരിജുവാന നിറച്ച 4 ഇലക്ട്രോണിക് സിഗരറ്റുകള്‍ അടങ്ങിയ മറ്റൊരു ബാഗില്‍ നിന്ന് കൂടുതല്‍ കള്ളക്കടത്ത് കണ്ടെത്തിയതായും കസ്റ്റംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 93 മയക്കുമരുന്ന് ഗുളികകളും 60 ലിക്വിഡ് ക്യാപ്സ്യൂളുകളും അധികൃതര്‍ പിടിച്ചെടുത്തു.
