ബെന്നി ദയാല്‍ ഖത്തറിലെത്തി : ഇന്‍ ടു ദ ബ്ലൂസ് സംഗീത വിരുന്ന് ഇന്ന്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: ഇന്ന് വൈകുന്നേരം ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍ടു ദി ബ്ലൂസ് മ്യൂസിക് ഇവന്റില്‍ പങ്കെടുക്കാന്‍ പ്രശസ്ത പിന്നണി ഗായകന്‍ ബെന്നി ദയാലും ബാന്റ് ഫങ്ച്ചുവേഷനും ഖത്തറിലെത്തി. കൂടെ പിന്നണി ഗായകന്‍ ഡോ. കെ. എസ് ഹരിശങ്കറും പ്രഗതി ബാന്റും അണി നിരക്കുന്നുണ്ട്.
കലാ വൈവിദ്ധ്യങ്ങളെ പ്രോല്‍സാഹിപ്പിക്കാനും നിരവധി സംഗീത പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതിനും രൂപീകരിച്ച സൗഹൃദ കൂട്ടായ്മയാണ് ഇന്‍ടു ദി ബ്ലൂസ്.
ഇനി മള്‍ട്ടി മ്യൂസിക് ബാന്റുകള്‍ ഒരു വേദിയില്‍ അണിനിരക്കുന്ന കാലമാണ്. ഇന്‍ ടു ദി ബ്ലൂസ് അതിന്റെ തുടക്കമാവട്ടെ എന്നും റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ ചിങ്കാരി റെസ്റ്റൊറന്റില്‍ വെച്ച് നടന്ന പത്ര സമ്മേനത്തില്‍ പങ്കെടുക്കവെ ബെന്നി ദയാല്‍ പറഞ്ഞു. സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്‌മാന്‍ ബാന്റ് അംഗവും വിവിധ ഭാഷകളില്‍ ഹിറ്റ് പാട്ടുകള്‍ സമ്മാനിക്കുകയും ചെയ്ത ബെന്നി ദയാലും പുതു തലമുറിയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും ശ്രദ്ധേയനായ പിന്നണി ഗായകനും വേദികളില്‍ മിന്നുന്ന പ്രകടനം കൊണ്ട് സദസിനെ ഇളക്കി മറിക്കാന്‍ കഴിയുന്ന ഡോ. കെ. എസ് ഹരിശങ്കറും കൂടെ ഗായിക അഞ്ജു ജോസഫും ഒരുമിക്കുമ്പോള്‍ ഖത്തറിന് ഇത് പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക.