കുട്ടികളെ ആകര്‍ഷിച്ച് ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രഥമ ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സ്വദേശികളും വിദേശികളുമായ കുട്ടികളേയും കുടുംബങ്ങളേയും ആകര്‍ഷിച്ച് മുന്നേറുന്നു. ആഗസ്റ്റ് 5 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ നിരവധി വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. ബാര്‍ബി, ബ്ലിപ്പി, ബ്ലൂയ്, കൊക്കോമെലോണ്‍, ഡിസ്‌നി, ഹാപ്പികാപ്പി, മാര്‍വല്‍, ഫോര്‍ട്ട്നൈറ്റ്, ട്രാന്‍സ്ഫോര്‍മേഴ്സ് തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട 25-ലധികം പ്രശസ്ത കളിപ്പാട്ട ബ്രാന്‍ഡുകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു.
‘കഥകള്‍ ആസ്വദിക്കൂ, കളികള്‍ ആസ്വദിക്കൂ’ എന്ന പ്രമേയത്തിലുള്ള ഈ ഫെസ്റ്റിവല്‍, ഖത്തര്‍ ടൂറിസത്തിന്റെ ചലനാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍’ ബ്രാന്‍ഡ് പ്ലാറ്റ്ഫോമിന്റെ വിപുലീകരണവും ‘ഫീല്‍ സമ്മര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നിന്റെ ഭാഗവുമാണ് .
ഇന്ററാക്ടീവ് ഏരിയകള്‍ക്ക് പുറമെ, ലൗന ലാന്‍ഡ്, സ്‌ട്രോബെറി ഷോര്‍ട്ട്കേക്ക്, ദി സ്മര്‍ഫ്സ്, ബാര്‍ണി, മിറാക്കുലസ്, ബ്ലൂയ്, മൈ ലിറ്റില്‍ പോണി തുടങ്ങി നിരവധി പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ ഉള്‍പ്പെടെ 15-ലധികം ആകര്‍ഷകമായ ലൈവ് ഷോകള്‍ ഫെസ്റ്റിവല്‍ അവതരിപ്പിക്കുന്നു.
‘ഫീല്‍ സമ്മര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നിന്റെ ഭാഗമായി ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ പന്ത്രണ്ട് മാന്ത്രിക പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘ഡിസ്നി ഓണ്‍ ഐസ്’ ഷോയുടെ വിജയത്തെ തുടര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
നിത്യവും ആയിരക്കണക്കിനാളുകളാണ് ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ ആസ്വദിക്കാനെത്തുന്നത്.