എസ് എം എസ് ക്രിയേഷന്‍സിന്റെ ‘പ്രകാശധാര’ സദ്ഗമയ റിലീസ് ചെയ്തു
ദോഹ. എസ് എം എസ് ക്രിയേഷന്‍സിന്റെ ‘പ്രകാശധാര’ സദ്ഗമയ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍
നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വിവിധ കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തിലാണ് ആല്‍ബം റിലീസ് ചെയ്തത്. ലോകത്തുള്ള മുഴുവന്‍
ഡിഫ്രന്‍ഡ്ലി ഏബിള്‍ഡ് കുട്ടികള്‍ക്കായി ഈ ഗാനം സമര്‍പ്പിക്കുന്നുവെന്നും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു കൂട്ടം സൂപ്പര്‍ ടാലന്റഡ്
വിഭാഗത്തിലെ അടച്ചിട്ട വാതായനങ്ങള്‍ ഞങ്ങള്‍ ഇവിടെ തുറക്കുകയാണെന്നും ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ സുകേഷ് കുട്ടനും,മഴവില്‍ മനോരമ,ഫ്‌ലവേഴ്‌സ് എന്നീ ചാനലുകളിലൂടെ കലാസ്വാദകരുടെ ഹൃദയം കീഴടക്കിയ അനന്യ ബിജേഷും ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മുരളി മഞ്ഞളൂരിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഹരിപ്പാട് സുധീഷ് ആണ്.
പ്രശസ്ത സിനിമ താരം ഹരിപ്രശാന്ത് വര്‍മ്മ മുഖ്യ അതിഥിയായ ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐഎസ് സി ജനറല്‍ സെക്രട്ടറി പ്രദീപ് പിള്ള, കെ.എസ്. സി. എ പ്രസിഡണ്ട് വി.എ ഗോപിനാഥ് മേനോന്‍, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍. ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം റിലീസ് ചെയ്തത്.
മുരളി മഞ്ഞളൂര്‍ ആല്‍ബത്തിന്റെ നാള്‍വഴികള്‍ വിശദീകരിച്ചു. മോന്‍സി തേവര്‍ക്കാട് , നിമിഷ നിഷാദ് ,രജിത് കുമാര്‍ അഗസ്റ്റിന്‍ കല്ലൂക്കാരന്‍ , ആതിര ജുബിന്‍ മുഹമ്മദ് തോയ്യിബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഖത്തറിലെ പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളായ ദോഹ എക്‌സ് ഡി സി , പ്രാണ ഡാന്‍സ് ഗ്രൂപ്പ് , പാഷന്‍ ഫീറ്റ്‌സ് എന്നിവരുടെ നൃത്ത ചുവടുകളും ഖത്തറിലെ മുന്‍നിര ഗായകരായ റിയാസ് കരിയാട്,
മുത്തു ലത്തീഫ് , രഞ്ജിത് ദേവദാസ് , നൗഷാദ് ഇടപ്പിള്ളി , അനീഷ രാജേഷ് , അരവിന്ദ് എന്നിവരുടെ ഗാനസന്ധ്യയും ചടങ്ങിന് മാറ്റുകൂട്ടി .
ചടങ്ങില്‍ സന്തോഷ് ഇടയത്ത് സ്വാഗതവും ആല്‍ബത്തിന്റെ സംഗീത സംവിധായകനും , കര്‍ണാടിക് മ്യൂസിക് അധ്യാപകനുമായ ഹരിപ്പാട് സുധീഷ് നന്ദിയും പറഞ്ഞു.
എസ് എം എസ് ക്രീയേഷന്‍സ് എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ ഷാജി പയ്യന്നൂര്‍ , ജിതിന്‍ , സെബാസ്റ്റിന്‍, ഉണ്ണി മഞ്ഞളൂര്‍ , സുഭാഷ് നെല്ലൂര്‍ ,ശിവകുമാര്‍ പാലക്കാട് ,ഷാജി
(മീഡിയ പെന്‍) എന്നിവര്‍ നേതൃത്വം നല്‍കി.
അബ്ദുള്‍ ഹമീദ് പാലത്ത് , സുബ്ഹാല്‍ , ആക്മ മിനറല്‍ വാട്ടര്‍ , കവാഖ് ഖത്തര്‍ , മീഡിയ പെന്‍ , അല്‍ ജാസാ കഫ്റ്റീരിയ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പ്രോഗ്രാം ഏകോപിപിപ്പിച്ചത് .