കള്‍ച്ചറല്‍ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ദോഹ. ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശശിധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരതയും അഖണ്ഡതയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാവട്ടെ ഈ ദിനമെന്ന് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. രാജ്യം ഒന്നിച്ച് നിന്നപ്പോഴാണ് സ്വാതന്ത്ര്യം എന്ന മഹത്തായ നേട്ടം കൈവരിക്കാനായത്. സമൂഹത്തില്‍ വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെയും ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കെതിരെയും ജാഗ്രതയോടെ നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് റാഫി, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഹമ്മദ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങര, ഫൈസല്‍ എടവനക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.