പ്രഥമ ടി20 ഐ ഗള്‍ഫ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 15 മുതല്‍ 23 വരെ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രഥമ ടി20 ഐ ഗള്‍ഫ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 15 മുതല്‍ 23 വരെ ദോഹയില്‍ നടക്കുമെന്ന് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന് വ്യകത്തമാക്കി.
സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ആതിഥേയരായ ഖത്തര്‍ എന്നീ ആറ് രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
ഖത്തറില്‍ ആദ്യമായി വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഒരു തയ്യാറെടുപ്പ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ക്യുസിഎ സിഇഒ ഖാലിദ് അല്‍ സുവൈദി പറഞ്ഞു. ഒമ്പതിലധികം രാജ്യങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
‘ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മേഖലയിലെ ഒരു നാഴികക്കല്ലായിരിക്കും, ഈ മേഖലയില്‍ ഈ കായികരംഗത്ത് മികച്ച വികസനം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ടി20ഐ ഗള്‍ഫ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് നടക്കുക. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) മേല്‍നോട്ടത്തിലും അന്താരാഷ്ട്ര കളിയുടെ നിയമങ്ങള്‍ക്കനുസൃതമായുമാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക