ജി ഫിയസ്റ്റ 2023 കലാമേളക്ക് തുടക്കം

ദോഹ: ഖത്തര്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മയായ ഗേള്‍സ് ഇന്ത്യ ഖത്തര്‍ നടത്തുന്ന ജി ഫിയസ്റ്റ 2023′ കലാമേളക്ക് തുടക്കമായി.
ഒക്ടോബര്‍ 20, 27 ദിനങ്ങളിലായി ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ 13 നും 23 നും ഇടയില്‍ പ്രായം വരുന്ന 200ല്‍ പരം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.
ദോഹ, മദീന ഖലീഫ , റയ്യാന്‍, തുമാമ, വക്‌റ തുടങ്ങിയ 5 സോണുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ മാറ്റുരക്കുന്നത് .
16 വ്യക്തിഗത ഇനങ്ങള്‍, 2 ഗ്രൂപ്പ് ഇനങ്ങള്‍ ഉള്‍പ്പെടെ 18 ഇനങ്ങളിലാണ് മത്സരം .
കഥാരചന, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, കവിതാ രചന , പെയിന്റിങ് , അറബിക് കാലിഗ്രഫി , ഹെന്ന ഡിസൈനിങ് എന്നീ വ്യക്തിഗത ഇനങ്ങളില്‍ ഉള്ള ഓഫ് സ്റ്റേജ് മത്സരങ്ങളാണ് ഒക്ടോബര്‍ 20 വെള്ളിയാഴ്ച നടന്നത്.
മാപ്പിളപ്പാട്ട്, ഇസ്ലാമിക ഗാനം, പ്രസംഗം, പദ്യം ചൊല്ലല്‍, ഒപ്പന, സംഘഗാനം തുടങ്ങിയ ഓണ്‍സ്റ്റേജ് ഇനങ്ങളുടെ മത്സരങ്ങള്‍ ഒക്ടോബര്‍ 27ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടക്കുന്നതായിരിക്കും.
5 സോണുകളില്‍ നിന്നായി പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥിനികള്‍ ആണ് ഒക്ടോബര്‍ 27 ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് .
ഗേള്‍സ് ഇന്ത്യ ഖത്തര്‍ കേന്ദ്ര കോഡിനേറ്റര്‍ ബബീന ബഷീര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അമീന നുസ്രത്ത്, ജൗഹറ അസ്ലം, ഷഫ്‌നാ വാഹദ്, മുഹ്‌സിന സല്‍മാന്‍, നവാല, റമീസ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു