രാജേഷ് കരുവന്തല അനുസ്മരണം സംഘടിപ്പിച്ചു
ദോഹ: കള്‍ച്ചറല്‍ ഫോറവും കൈതോല നാടന്‍ പാട്ട് സംഘവും സംയുക്തമായി അന്തരിച്ച നാടന്‍ പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല അനുസ്മരണ സംഗമം സംഘടിപ്പിച്ചു. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന അനുസ്മരണ പരിപാടി ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നും തന്റെ സര്‍ഗ്ഗ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുകയും നാടന്‍ പാട്ടിനെ കൂടുതല്‍ പേരിലേക്കെത്തിക്കുകയും ചെയ്ത വലിയ കലാകാരനായിരുന്നു രാജേഷ് കരുവന്തലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മറ്റിയംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമേഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാജേഷ് കരുവന്തലയുടെ സുഹൃത്തുക്കളും നാടന്‍ പാട്ട് രംഗത്തെ സഹയാത്രികരുമായ ഖാലിദ്, അസീസ്. കെ . പി, ഫൈസല്‍ പട്ടാമ്പി, നിമിഷ നിഷാന്ത്, ദനേഷ്, അനീഷ, കൃഷ്ണകുമാര്‍, രജീഷ് കരിന്തലക്കൂട്ടം, ഷെറിന്‍, റാഫി, ഷെഹീന്‍, ശിവപ്രസാദ്, രാഹുല്‍ കല്ലിങ്ങല്‍, റഫീഖ് മേച്ചേരി, ലാലു മോഹന്‍ തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കു വച്ചു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അനീസ് മാള പരിപാടി നിയന്ത്രിച്ചു. ഹൃദയഹാരിയായ പാട്ടുകളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രവാസികളുടെ മനസ്സില്‍ കൂട് കൂട്ടിയ കലാകാരനെയാണ് രാജേഷിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും നാടന്‍ പാട്ട് എന്ന കലാശാഖക്ക് വലിയ നഷ്ടമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൈതോല നാടന്‍ പാട്ട് സംഘം രാജേഷ് കരുവന്തലയുടെ പ്രിയപ്പെട്ട ഗാനങ്ങളും വേദിയില്‍ അവതരിപ്പിച്ചു