Breaking NewsUncategorized

ഖത്തറില്‍ ഫാമിലി റെസിഡന്‍സി വിസ വര്‍ക്ക് വിസയിലേക്ക് മാറ്റുന്നതിന് പുതുതായി ആരംഭിച്ച ഇ-സേവനത്തിന്റെ നടപടിക്രമങ്ങള്‍ വിശദീകരിച്ച് തൊഴില്‍ മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ . ഖത്തറില്‍ ഫാമിലി റെസിഡന്‍സി വിസ വര്‍ക്ക് വിസയിലേക്ക് മാറ്റുന്നതിന് പുതുതായി ആരംഭിച്ച ഇ-സേവനത്തിന്റെ നടപടിക്രമങ്ങള്‍ തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു. ഫാമിലി റെസിഡന്‍സ് വിസ പോലുള്ള നോണ്‍ വര്‍ക്ക് പെര്‍മിറ്റുകളില്‍ താമസിക്കുന്ന ഖത്തറിലെ താമസക്കാര്‍ക്ക് അവരുടെ പെര്‍മിറ്റുകള്‍ ‘തൊഴില്‍ ആവശ്യത്തിന്’ എന്നാക്കി മാറ്റി തൊഴില്‍ വിപണിയില്‍ ചേരാന്‍ അനുവദിക്കുന്ന സുപ്രധാനമായ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം നടത്തിയത്. ഈ പ്രക്രിയ തൊഴില്‍ മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്ഫോം വഴി പൂര്‍ത്തിയാക്കാമെന്നതും ഏറെ സൗകര്യപ്രദമാണ് .

തൊഴില്‍ മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്ഫോം വഴി താമസക്കാരനെ തൊഴിലാളിയായി ചേര്‍ക്കാന്‍ പുതിയ തൊഴിലുടമ അപേക്ഷിക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്.ഫാമിലി വിസയിലുള്ളവരെ തൊഴിലാളിയായി നിയമിക്കാന്‍ സ്‌പോണ്‍സര്‍ അപേക്ഷിക്കുകയോ അല്ലെങ്കില്‍ പുതിയ സ്പോണ്‍സറുടെ വിശദാംശങ്ങള്‍ നല്‍കി വര്‍ക്ക് വിസയില്‍ ചേരാന്‍ അപേക്ഷിക്കുന്നത് വഴിയോ ഈ പ്രക്രിയ ആരംഭിക്കാം.

ഇ- സേവനം ഉപയോഗിക്കാന്‍ അധികാരമുള്ള സ്ഥാപന ജീവനക്കാരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് ആവശ്യമാണ്. കമ്പനി ജീവനക്കാരുടെ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വഴി സര്‍വീസ് ഉപയോഗിക്കാന്‍ അധികാരമുണ്ടോ എന്ന് പരിശോധിക്കും.

സ്ഥാപനത്തിന്റെ അഭ്യര്‍ത്ഥനയില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ജീവനക്കാരന്റെ ക്യുഐഡിയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുമായി പൊരുത്തപ്പെടണം,

വ്യക്തികള്‍ ദേശീയ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

എസ്റ്റാബ്ലിഷ്മെന്റ് കാര്‍ഡ് ( കംപ്യൂട്ടര്‍ കാര്‍ഡ് ) സിസ്റ്റത്തില്‍ സജീവമായിരിക്കണം. പുതിയ തൊഴിലുടമയോ വ്യക്തിപരമായി സസ്‌പെന്റ് ചെയ്യുകയോ ഒരേ തൊഴിലാളിക്ക് അതേ തരത്തിലുള്ള മറ്റ് അപേക്ഷകള്‍ ഉണ്ടാവുകയോ ചെയ്യരുത്.

‘തൊഴില്‍ വിപണിയില്‍ ചേരാനുള്ള അഭ്യര്‍ത്ഥന (ഫാമിലി റെസിഡന്‍സിയില്‍ നിന്ന് വര്‍ക്ക് റെസിഡന്‍സിയിലേക്ക് മാറ്റം)’ എന്നതിന് കീഴിലാണ് പുതിയ സേവനം തൊഴില്‍ മന്ത്രാലയം പോര്‍ട്ടലില്‍ ചേര്‍ത്തിരിക്കുന്നത്.

ചില നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് അഭ്യര്‍ത്ഥന അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗീകാരം ലഭിച്ചാല്‍, കരാര്‍ സാക്ഷ്യപ്പെടുത്തല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാം. ഇതിന് പുതിയ തൊഴില്‍ദാതാവ് ഓണ്‍ലൈനായി ഫീസ് അടക്കണം. തുടര്‍ന്ന് യഥാര്‍ത്ഥ റസിഡന്‍സി സ്റ്റാറ്റസ് മാറ്റത്തിന്റെ അന്തിമ നിര്‍വ്വഹണത്തിനായി ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഫയല്‍ നീങ്ങും.

കഴിഞ്ഞയാഴ്ച ആരംഭിച്ച ഈ സേവനം ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക താമസക്കാരെ നിയമിക്കുന്ന പ്രക്രിയ ലളിതമാക്കി, അതുവഴി വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിനുള്ള സമയവും സാമ്പത്തിക നിക്ഷേപവും കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ സേവനം താമസക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിക്കൊണ്ട് അവരെ ശാക്തീകരിക്കുകയും പ്രാദേശിക തൊഴില്‍ വിപണിയില്‍ സജീവമായി പങ്കെടുക്കാനും സംഭാവന നല്‍കാനും പ്രാപ്തരാക്കുകയും ചെയ്യും.

മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്ന തൊഴില്‍ വിപണിയിലെ എല്ലാവര്‍ക്കും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന സമഗ്രമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുപോകുന്നത്. ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കുമായി (ക്യുഡിബി) സഹകരിച്ചാണ് പുതിയ സംവിധാനം ആരംഭിച്ചത്. 25 ഓളം ഡിജിറ്റല്‍ സേവനങ്ങളാണ് തൊഴില്‍ മന്ത്രാലയം നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!