ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഖത്തര്‍ മലയാളി സമ്മേളനം നാളെ
ദോഹ: ”കാത്ത് വെക്കാം സൗഹൃദതീരം” എന്ന പ്രമേയത്തില്‍ നാളെ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു. ആസ്പയര്‍ സോണ്‍ ലേഡീസ് കോണ്‍ഫറന്‍സ് ഹാളിലാണ് സമ്മേളനം നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ രാത്രി പത്ത് മണിവരെ വിവിധ സെഷനുകളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ കെ. മുരളീധരന്‍ എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ: ഗോപിനാഥ് മുതുകാട്, ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, രാജീവ് ശങ്കരന്‍, ആലംകോട് ലീലാകൃഷ്ണന്‍, പി എം എ ഗഫൂര്‍, ഡോ: മല്ലിക എം. ജി, ഡോ: അജു അബ്രാഹാം, റിഹാസ് പുലാമന്തോള്‍ തുടങ്ങിയ അതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീജ്യണല്‍ ഹെഡ് ടി വി സന്തോഷിന് ആദ്യപ്രതി നല്‍കിക്കൊണ്ട് ആലങ്കോട് ലീലാകൃഷന്‍ പ്രകാശനം ചെയ്യും.
സമ്മേളനം ഡോ. ഷൈഖ് മുഹമ്മദ് അല്‍ഥാനി ഉദ്ഘാടനം ചെയ്യും. സമാപന സെഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വെച്ച് വിതരണം ചെയ്യും
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് 74700438 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും മെട്രോ വഴി വരുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഷനില്‍ ഇറങ്ങിയാല്‍ സമ്മേളന നഗരിയിലേക്ക് കാല്‍നടയായി എത്താമെന്നും സംഘാടകര്‍ അറിയിച്ചു.