ഖത്തറിന്റെ മൂന്ന് പുതിയ ദേശീയ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അംഗീകാരം
ദോഹ: ഖത്തറിന്റെ മൂന്ന് പുതിയ ദേശീയ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അംഗീകാരം . കാന്‍സര്‍ നിര്‍ണയിക്കുന്നതിനും ചില ജന്തുരോഗങ്ങളെ ചെറുക്കുന്നതിനും എണ്ണ, വാതകം വേര്‍തിരിച്ചെടുക്കുന്നതില്‍ നിന്ന് പ്രകൃതിദത്തമായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുമായുള്ള ഖത്തറിന്റെ മൂന്ന് പുതിയ ദേശീയ പദ്ധതികള്‍ക്കാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അംഗീകാരം നല്‍കിയത്.
ന്യൂക്ലിയര്‍ എനര്‍ജിയുടെ സമാധാനപരമായ പ്രയോഗത്തില്‍ തങ്ങളുടെ ദേശീയ പരിപാടികളുടെ സ്വാശ്രയത്വവും സുസ്ഥിരതയും കൈവരിക്കുന്നതിന് അംഗരാജ്യങ്ങളെ പിന്തുണച്ച് സാമൂഹിക സാമ്പത്തിക വികസനത്തിന് ഫലപ്രദമായി സംഭാവന നല്കുന്ന ഐഎഇഎയുടെ സാങ്കേതിക സഹകരണ പരിപാടിക്ക് കീഴിലാണ് പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്.
ജനുവരിയില്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തേക്ക് തുടരുന്ന പുതിയ പദ്ധതികള്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.