Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം പലസ്തീന്‍ ജനതക്ക് സംഭാവന ചെയ്യും


അമാനുല്ല വടക്കാങ്ങര

ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം പലസ്തീന്‍ ജനതക്ക് സംഭാവന ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു. ഒക്ടോബര്‍ 10ന് ആരംഭിച്ച ടിക്കറ്റ് വില്‍പനക്ക് വമ്പിച്ച പ്രതികരണമാണ് കാല്‍പന്തുകളിയാരാധകരില്‍ നിന്നുമുണ്ടായത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ മാത്രം 81,209 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായും ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയതെന്നും സംഘാടകര്‍ അറിയിച്ചു. രണ്ടാം ഘട്ട ടിക്കറ്റ് വില്‍പന ഇന്നാരംഭിക്കാനിരിക്കെയാണ് സംഘാടക സമിതി സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്.

ഒരു കളിയെന്നതിനപ്പുറം ഫുട്ബോളിന്റെ വികസനത്തിനായുള്ള ശക്തിയിലും ഫുട്ബോള്‍ മൈതാനത്തിനപ്പുറം സാമൂഹിക മാറ്റം കൊണ്ടുവരാനുള്ള സ്പോര്‍ട്സിന്റെ കഴിവിലുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സംഘാടകര്‍ വിശദീകരിച്ചു. ടൂര്‍ണമെന്റ് ടിക്കറ്റ് വില്‍പ്പന മുതല്‍ ഫലസ്തീനിലെ അടിയന്തര ദുരിതാശ്വാസ ഇടപെടലുകളെ പിന്തുണയ്ക്കാനാണ് , എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 പ്രാദേശിക സംഘാടക സമിതി തീരുമാനം.

ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഫുട്‌ബോള്‍ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണെന്ന് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.

”പലസ്തീനിലെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, ഈ പ്രയാസകരമായ സമയത്ത് നമ്മുടെ സഹോദരങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ എല്ലാ സഹായവും ഞങ്ങള്‍ നല്‍കണം. അതിനാല്‍, ഖത്തറിലെ ഏഷ്യന്‍ കപ്പില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം പലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ”ശൈഖ് ഹമദ് പറഞ്ഞു. ഇത് ഞങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റയായി മനസ്സിലാക്കുന്നു. ഈ സംരംഭം ഏറ്റവും അര്‍ഹരായവര്‍ക്ക് പ്രയോജനം ചെയ്യുമെന്നും ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ആളുകള്‍ക്കുള്ള പിന്തുണാ സംവിധാനമെന്ന നിലയില്‍ ഫുട്ബോള്‍ അതിന്റെ പങ്ക് നിറവേറ്റുന്നുവെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.”അദ്ദേഹം പറഞ്ഞു. പലസ്തീനിലെ ആളുകള്‍ക്ക് ആവശ്യമായ വൈദ്യസഹായവും ഭക്ഷണ ആശ്വാസവും നല്‍കുന്നതിന് ടിക്കറ്റിംഗ് വരുമാനം ഉപയോഗിക്കും.

ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകള്‍ ഖത്തറിലെ ഒമ്പത് ലോകോത്തര സ്റ്റേഡിയങ്ങളിലായി മത്സരിക്കും, ഒരു മാസത്തിനിടെ ആകെ 51 മത്സരങ്ങള്‍ നടക്കും.

1988ലും 2011ലും ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

Related Articles

Back to top button
error: Content is protected !!