തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ശ്രദ്ധേയമായി. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമം, ഈ വര്‍ഷം പ്രശസ്ത മാധ്യമ പ്രവര്‍ത്തക അപര്‍ണ്ണ സെന്നിന്റെ മുഖ്യപ്രഭാഷണത്തോടെയാണ് സംഘടിപ്പിച്ചത്.
സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ മാനവ സൗഹൃദം അടയാളപ്പെടുത്തിയ സംഗമം സന്ദേശ പ്രധാനമായിരുന്നു.
വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന് ഉത്ഘാടനം ചെയ്തു. ജാതി മത രാഷ്ട്രീയ അതിരുകളില്ലാതെ സൗഹൃദത്തിലും മാനുഷികതയിലും ഊന്നിയുള്ള സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങളെയും സൗഹൃദവേദി പോലുള്ള സംഘടകളുടെ ഈ കാലഘട്ടത്തിന്റെ ആവശ്യകതയെയും മണികണ്ഠന് തന്റെ ഉത്ഘാടനപ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
സൗഹൃദവേദിയുടെ യോഗങ്ങളുടെ ആരംഭത്തില്‍ കാലങ്ങളായി തുടര്‍ന്നു പോരുന്ന ലോകസമാധാനത്തിനു വേണ്ടിയുള്ള മൗനാചരണം മാനവികതയോടും സമാധാനത്തോടുമുള്ള വേദിയുടെ ഉത്തരവാദിത്വത്തിന്റെ സൂചകമാണെന്നു പ്രശംസിച്ചു കൊണ്ടാണ് അപര്ണസന് തന്റെ പ്രഭാഷണത്തിന് തുടക്കം കുറിച്ചത്. വേദി നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ തലങ്ങളിലേക്ക് അറിയിക്കേണ്ടതാണെന്നും അത് മറ്റുള്ളവര്‍ക്ക് പ്രചോദനം ആകേണ്ടതാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. മനുഷ്യന് അര്‍ഹിക്കുന്ന സമയത്ത് തന്നെ സഹായവുമായി എത്തുന്നത് മാനവികതയുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപ്രിയ സത്യങ്ങളുടെ ലോകത്തു നിന്ന് പുതിയ തലമുറയെ മാനവികതയുടെ ലോകത്തേക്ക് കൊണ്ടു വരുവാനും സത്യത്തെയും മിഥ്യയെയും തിരിച്ചറിയുവാന്‍ കുട്ടികളില്‍ വായാനാശീലം വളര്‍ത്തി എടുക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു കൊണ്ട്, വരും തലമുറക്ക് ഇത്തരം മാനവ സൗഹൃദ സംഗമങ്ങള്‍ പ്രചോദനമാവട്ടെ എന്നും അവര്‍ ആശംസിച്ചു.
മുഖ്യ പ്രഭാഷക അപര്‍ണ സെന്നിന് പുറമേ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് വി. കെ. സലീം എന്നിവര്‍ മാനവസൗഹൃദം എന്ന വിഷയത്തിലൂന്നി സംസാരിച്ചു.
സൗഹൃദവേദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന ശ്രീമതി അപര്‍ണ്ണ സെന്നിന് ബഹുമാനപ്പെട്ട വേദി പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ മൊമന്റോ നല്കി ആദരിച്ചു.
സെക്രട്ടറി റാഫി അല്‍ ഖോര്‍ യോഗം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് റസാഖ് സ്വാഗതവും വേദി ട്രഷറര്‍ റാഫി കണ്ണോത്ത് നന്ദിയും പറഞ്ഞു.