കാക് ഫെസ്റ്റ് ഡിസംബര്‍ 15, 16, 22 തീയതികളില്‍
ദോഹ: കോണ്‍ഫെഡറേഷന്‍ ഓഫ് അലൂമിനി അസോസിയേഷന്‍സ് ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍) ഇന്റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ് (തരംഗ്) ഡിസംബര്‍ 15,16, 22 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 15,16 തീയതികളില്‍ വ്യക്തിഗത ഇനങ്ങളും 22ന് ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും സംഘടിപ്പിക്കും. അഞ്ചു വയസ്സ് മുതലുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍ വിഭാഗങ്ങളിലായി 62 മത്സര ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഭരതനാട്യം, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, വിവിധ ഭാഷകളിലെ പ്രസംഗമത്സരം, കഥ പറച്ചില്‍, വിവിധ ഭാഷകളില്‍ പദ്യം ചൊല്ലല്‍ തുടങ്ങി 50 ല്‍ പരം വ്യക്തികത മത്സരങ്ങളും സംഘടിപ്പിക്കും. കവിത രചന, കഥാരചന, ചിത്രരചന, ഫീച്ചര്‍ എഴുത്ത്, ഫോട്ടോഗ്രഫി, സാലഡ് മേക്കിങ്, ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്, പോലുള്ള മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വട്ടപ്പാട്ട്, ഒപ്പന, മൈം, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും.
ഓരോ കാറ്റഗറികളിലും കൂടുതല്‍ പോയിന്റ് നേടി വ്യക്തിഗത നേട്ടം കൈവരിക്കുന്നവരെ വ്യക്തികളെ കുരുന്നു പ്രതിഭ, ബാലപ്രതിഭ, യുവപ്രതിഭ കലാപ്രതിഭ എന്നീ പട്ടങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്.
കാക് ഫെസ്റ്റിനോടാനുബന്ധിച്ചു സംഘടിപ്പിച്ച കാക് ഫെസ്റ്റ് ടൈറ്റില്‍ കോണ്ടസ്റ്റില്‍ ‘തരംഗ്’എന്ന ടൈറ്റില്‍ നിര്‍ദ്ദേശിച്ച എം എസ് എം കോളേജിലെ മിനി ഷൈജുവിനെ വിജയിയായി തെരഞ്ഞെടുത്തു. തുടര്‍ന്ന് സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ എം എസ് എം കോളേജിലെ ഷൈജു ധമനി ഡിസൈന്‍ ചെയ്ത ലോഗോ കാക് ഫെസ്റ്റ് 2023 ഓഫീഷ്യല്‍ ലോഗോ ആയി തിരഞ്ഞെടുത്തു.
കാക് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുളെയും ഉള്‍പ്പെടുത്തി കാക് ബെസ്റ്റ് മാഗസിന്‍ അവാര്‍ഡ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കോളേജുകളില്‍ നിന്നു നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഒരു വിദഗ്ധ പാനലിന്റെ നേതൃത്വത്തില്‍ മാഗസിനുകള്‍ വിലയിരുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഫോട്ടോഗ്രാഫി മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിന്റെ വിധി നിര്‍ണയം നടന്നുവരികയാണ്.
കേരളത്തില്‍ നിന്നുള്ള 21ല്‍ പരം പ്രമുഖ കോളേജുകളുടെ അലുമിനി അസോസിയേഷനുകള്‍ ഭാഗമാകുന്ന കാക് ഖത്തര്‍ എല്ലാവര്‍ഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം 14 കോളേജുകള്‍ സജീവമായി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് അതാത് കോളേജ് അലുമിനി അസോസിയേഷനുകള്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷൈജു ധമനി യുടെ നേതൃത്വത്തില്‍ , ഷഹനാസ് ബാബു, മുഹമ്മദ് ഷമീര്‍ ഉള്‍പ്പെടുന്ന ഒരു പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നല്‍കി. കുറ്റമറ്റ നടത്തിപ്പിനായും വിധിനിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നത്തിനായും അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, സുബൈര്‍ പാണ്ഡവത്ത്, മുഹമ്മദ് ഹാഷിര്‍, സാം കുരുവിള, അഡ്വക്കറ്റ് നൗഷാദ്, മഷ്ഹൂദ് തിരുത്തിയാട്, അഡ്വക്കേറ്റ് ഹാഫിസ് എന്നിവരടങ്ങുന്ന ഏഴംഗ അപ്പീല്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
തരംഗ് ഖത്തറിലെ കലാസ്വാദകന്മാര്‍ക്ക് വേറിട്ടരനുഭവമായിരിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കാക് ഖത്തര്‍ പ്രസിഡന്റ് സീ കെ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം, ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ്, ഷഹനാസ് ബാബു, മുഖ്യ സ്‌പോണ്‍സര്‍ ഡ്രീം പ്രോപ്പര്‍ട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ്, സുബൈര്‍ പാണ്ഡവത്ത്, സാം കുരുവിള, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 33058296, 55658574, 77199690, 33065549 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്