ഐ.സി.ബി.എഫ് ഹാജിക്ക ഉപന്യാസ മത്സര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
ഖത്തറിലെ ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഹാജിക്ക സ്മാരക ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ എസ്. എ. എം. ബഷീര്‍, ഹാജിക്കയുടെ മകന്‍ ഷഹീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും യൂത്ത് വെല്‍ഫയര്‍ കണ്‍വീനര്‍ സമീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
40 വര്‍ഷക്കാലത്തോളം ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഹാജിക്കയുടെ സ്മരണ നിലനിര്‍ത്തുന്നതിനും, വിദ്യാര്‍ത്ഥികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പരോപകാര പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും, ഖത്തറില്‍ ഐ.സി.ബി.എഫ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുവാനും, അതുവഴി ഐ.സി.ബി.എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ ശേഖരിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ വര്‍ഷവും ഹാജിക്ക ഉപന്യാസ മത്സരം നടത്തി വരുന്നത്.
നേരത്തേ നവംബറില്‍ ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ മത്സരത്തില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും സീനിയര്‍-ജൂനിയര്‍ വിഭാഗങ്ങളിലായി ഏതാണ്ട് 230 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
സീനിയര്‍ വിഭാഗത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ഐഷ മനാല്‍ ഒന്നാം സ്ഥാനവും, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ സൗപര്‍ണിക രാജ്കുമാര്‍ രണ്ടാം സ്ഥാനവും, ഡി.പി.എസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ അന്‍വിത ശേഖര്‍ മൂന്നാം സ്ഥാനവും നേടി. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മരിയ അജയ് ചെമ്മല, ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഷമിത ആനന്ദ് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്രണവി തമിഴരശന്‍ ??ഒന്നാം സ്ഥാനവും, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അദിദേവ് സജിത്ത് രണ്ടാം സ്ഥാനവും, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ റിഹാബ് ഷമീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഭവന്‍സ് പബ്ലിക് സ്‌കൂളിലെ എ.എം. രാഘവ്, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആദര്‍ശ് അനില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.
ഹാജിക്കയുടെ പാരമ്പര്യത്തെ അനുസ്മരിച്ച്, ചടങ്ങില്‍ പങ്കെടുത്ത ഹാജിക്കയുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
മത്സര നടത്തിപ്പിനായി വേദി ഒരുക്കുകയും മറ്റു സഹായങ്ങളും ചെയ്ത ഭവന്‍സ് പബ്ലിക് സ്‌കൂളിനുള്ള ഉപഹാരം ഡയറക്ടര്‍ അഞ്ജന മേനോന്‍ ഏറ്റുവാങ്ങി.
പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, മത്സരം നിയന്ത്രിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്ത അധ്യാപകര്‍ക്കും, വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള കമ്യൂണിറ്റി വോളണ്ടിയേഴ്‌സിനും ഉള്ള സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും ചടങ്ങില്‍ കൈമാറി.
ആദ്യമായി ഇത്തരം ചടങ്ങില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ച ഹാജിക്കയുടെ പത്‌നിയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ അതില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിക്കുകയുണ്ടായി.
ഐ.സി.ബി. എഫ് ഉപദേശക സമിതി അംഗം ടി.രാമശെല്‍വം, ഐ.എസ്. സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, വിവിധ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ട്രഷറര്‍ കുല്‍ദീപ് കൗര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.