ജെബി കെ ജോണിന് പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍പവര്‍ കമ്പനിയായ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരം . ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരത്തിന് ജെബി കെ ജോണിനെ
തെരഞ്ഞെടുത്തതായി എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ഡോ.എസ്. അഹ് മദ് അറിയിച്ചു. ഒരു മികച്ച സംരംഭകന്‍ എന്നതിലുപരി സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യവും പരിഗണിച്ചാണ് ജെബി കെ ജോണിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടെയും ചെറിയ സംഭാവനകള്‍ സ്വരൂപിച്ച് അത്രയും തുക അദ്ദേഹം ചേര്‍ത്ത് മാസം തോറും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായം, ഖത്തറിലും നാട്ടിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുവാന്‍ അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ എന്നിവ മാതൃകാപരമാണ്. കോവിഡ് കാലത്ത്് അദ്ദേഹം നടത്തിയ ഭക്ഷണക്കിറ്റ് വിതരണവും മരുന്നെത്തിക്കലുമൊക്കെ നിരവധി പേര്‍ക്കാണ് ആശ്വാസമേകിയത്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കിയും ചികില്‍സ സഹായങള്‍ നല്‍കിയും , കോവിഡ് കാലത്ത് ഭക്ഷണവും , കുടിവെള്ളവും , സഹായങ്ങളും എത്തിച്ചു നല്‍കിയും കാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമായി മാറിയ ജെബിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണ് .
തന്റെ പിതാവിന്റെ ഓര്‍മക്കായി കോല്‍കുന്നേല്‍ ജോണ്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി.
ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
എറണാകുളം ജില്ലയിലെ സൗത്ത് പിറമടം മണ്ണത്തൂര്‍ സ്വദേശിയാണ് . ആശയാണ് ഭാര്യ. എല്‍ദോസ്,ജീസ് എന്നിവര്‍ മക്കളാണ് .