IM Special

ടെറസ് കൃഷിയില്‍ പുതിയ പരീക്ഷണങ്ങളുമായി ഹഫ്‌സ യൂനുസ്


അമാനുല്ല വടക്കാങ്ങര

ഖത്തറില്‍ ടെറസ് കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന മലയാളിയാണ് ഹഫ്‌സ യൂനുസ് എന്ന അരീക്കോട്ടുകാരി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി കുടുംബത്തോടൊപ്പം ഖത്തറില്‍ പ്രവാസിയായ അവര്‍ താമസിക്കുന്ന ബില്‍ഡിംഗിന്റെ ടെറസില്‍ വൈവിധ്യങ്ങളാര്‍ന്ന പൂക്കളും പച്ചക്കറികളും കൃഷി ചെയ്താണ് ശ്രദ്ധേയയാകുന്നത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പോലീസ് ക്‌ളിനികില്‍ ഓഡിയോളജി ടെക്നിഷ്യന്‍ ആയി ജോലി ചെയ്യുന്നതോടൊപ്പം തന്നെ പൂക്കളും പച്ചക്കറികളും നട്ടുവളര്‍ത്താനും പരിചരിക്കാനും സമയം കണ്ടെത്തുന്നുവെന്നു മാത്രമല്ല അവ ആസ്വദിക്കുകയും ചെയ്യുന്നു.


പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞും അവയെ തൊട്ടുതലോടി പരിചരിച്ചും പ്രകൃതിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതോടൊപ്പം നന്മയുടേയും സ്നേഹത്തിന്റേയയും മഹത്തായ ആശയങ്ങളാണ് ഹഫ്‌സ അടയാളപ്പെടുത്തുന്നത്. സൗന്ദര്യവും സൗരഭ്യവുമെന്നതിലുപരി പച്ചപ്പിന്റെ തണുപ്പും കുണുപ്പും വീടിന്റെ ഐശ്വര്യമാണ്.

വിടര്‍ന്നുനില്‍ക്കുന്ന പൂക്കളുടെ സൗന്ദര്യം കണ്ടുണരാന്‍ കഴിയുക, വൈവിധ്യമാര്‍ന്ന പൂക്കളുടെ പരിമളവും അനുഭൂതിയുമുണര്‍ത്തുന്ന തലോടലേല്‍ക്കാനാവുക, തത്തയും പ്രാവും കുയിലുമടക്കമുള്ള പക്ഷികളുടെ സംഗീതസാന്ദ്രമായ ആദാനപ്രദാനങ്ങള്‍ തീര്‍ക്കുന്ന ഗൃഹാതുതമായ സാമൂഹ്യപരിസരത്ത് ജീവിക്കുക, വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളുടെ പറുദീസയിലൂടെ ഉലാത്തുക. ഏത് മനുഷ്യനും അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന മഹാഭാഗ്യമാണിതൊക്കെ. ജനസാന്ദ്രതയില്‍ വീര്‍പ്പുമുട്ടി ഫ്ളാറ്റുകളുടെ ഇടനാഴികകളില്‍ തളക്കപ്പെടുന്ന പലര്‍ക്കും ഇതൊക്കെ സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളായി തോന്നാം. എന്നാല്‍ മനസുവെച്ചാല്‍ നമുക്കും മരുഭൂമിയില്‍പോലും മനോഹരമായ മലര്‍വാടി തീര്‍ക്കാനാകുമെന്ന് തെളിയിക്കുകയാണ് ദോഹയിലെ മലയാളി വനിത ഹഫ്‌സ യൂനുസ് .

ആധുനിക ലോകത്ത് സമ്മര്‍ദ്ധങ്ങളുടേയും തിരക്കുകളുടേയുമിടയില്‍ പ്രയാസമനുഭവിക്കുന്നവരാണ് അധികമാളുകളും. ശാന്തിയുടേയും സമാധാനത്തിന്റേയും കുളിരുപകരുന്ന ആരാമം മനസിനും ശരീരത്തിനും നല്‍കുന്ന ആശ്വാസം അവാച്യമാണെന്നാണ് ഹഫ്‌സ പറയുന്നത്. കണ്ണിനും കരളിനും കുളിരുപകരുന്ന സുന്ദരമായ സൂനങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പരിസരം ജീവിതത്തിന്റെ ഓജസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് തന്റെ അനുഭവമെന്ന് അവര്‍ പറഞ്ഞു. ഊശരമായ മരുഭൂമിയില്‍ കണ്ണിനും കരളിനും കുളിരുപകരുന്ന പൂക്കളുടെയും പച്ചക്കറികളുടെയും വിസ്മയം ലോകം തീര്‍ത്ത ഹഫ്‌സ യൂനുസ് മണ്ണും മനുഷ്യനും തമ്മിലുണ്ടാവേണ്ട അവിഭാജ്യമായ ബന്ധമാണ് അടയാളപ്പെടുത്തുന്നത്.

വാടാമല്ലി, ജമന്തി, സൂര്യ കാന്തി, ഡാലിയ, സീനിയ, മല്ലിക, കോസ്‌മോസ്, ജര്‍മറ, സൂസന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിറങ്ങളും പരിമളങ്ങളുമുളള എത്രയോ ചെടികളാണ് ഹഫ്‌സയുടെ ടെറസില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കുന്നത്.

പയര്‍, പച്ചമുളക്, ബീന്‍സ് അമര, മത്തന്‍ കുമ്പളം, വെള്ളരി, പീച്ചില്‍, വഴുതന, മുരിങ്ങ, ചീര, വിവിധ തരം തക്കാളികള്‍, സാലഡ് ലീവ്‌സുകള്‍, പടവലം തുടങ്ങിയവയാണ് ഹഫ്‌സ കൃഷി ചെയ്യുന്ന പച്ചക്കറികള്‍.

മലപ്പുറം ജില്ലയില്‍ വടക്കും മുറിയില്‍ ഉമ്മര്‍ നെല്ലിപ്പാക്കുണ്ടന്‍, റുഖിയ്യ ദമ്പതികളുടെ മകളായ ഹഫ്‌സക്ക് കൃഷി കമ്പം പാരമ്പര്യമായി കിട്ടിയതാകാം. ഉപ്പയും ഉപ്പയുടെ ഉമ്മയും ഉപ്പയുടെ പെങ്ങമ്മാരുമൊക്കെ കൃഷിയില്‍ വലിയ താല്‍പര്യമുള്ളവരായിരുന്നു.ഖത്തറില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം 12 വര്‍ഷത്തോളമായി. ചെറുപ്പം മുതലേ പൂക്കളോട് വലിയ ഇഷ്ട്ടമാണ് . പൂക്കളുടെ കാന്തിയും സൗരഭ്യവുമൊക്കെ നുണയാനും ആസ്വദിക്കാനുമാവുകയെന്നത് ഏറെ കുളിരേകുന്ന അനുഭവമാണ് . ജീവിതത്തിലെ ഏത് പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലും ടെറസിന് മുകളിലുള്ള തന്റെ ഗാര്‍ഹിക തോട്ടത്തില്‍ അല്‍പ സമയം ചിലവഴിക്കുമ്പോള്‍ എല്ലാം പ്രയാസങ്ങളും ടെന്‍ഷനുകളും നീങ്ങുമെന്നതാണ് തന്റെ അനുഭവമെന്ന് ഹഫ്‌സ പറയുന്നു.

ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് നല്ല സൂര്യ പ്രകാശം ലഭിക്കുമെന്ന ഒരു ഗുണമുണ്ട്. എന്നാല്‍ കഠിനമായ ചൂടിനെ അതിജീവിക്കാനുള്ള പ്രത്യേക പരിചരണം അത്യാവശ്യമാണ്. രണ്ടു നേരവും നനച്ചും തണലൊരുക്കിയും ചെടികള്‍ക്ക് സംരക്ഷണമൊരുക്കണം. ജോലിക്കും വീട്ടു ഭരണത്തിനുമിടയില്‍ പൂക്കളും പച്ചക്കറികളും ഒരു പോലെ കൃഷി ചെയ്യുന്നു ഹഫ്‌സ പൂര്‍ണമായും ഓര്‍ഗാനികായാണ് ഹഫ്‌സ കൃഷി ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള കെമികക്കലുകളും ഉപയോഗിക്കാതെ നാടന്‍ വളങ്ങളും കീടനാശിനികളെ വീട്ടിലെ വേസ്റ്റുകളുമൊക്കെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. വിഷമടിക്കാത്ത പച്ചക്കറികള്‍ കുറച്ചു നാളെത്തേക്കെങ്കിലും കഴിക്കാനും കഴിപ്പിക്കാനും പറ്റുന്നതില്‍ അതിയായ സംതൃപ്തിയും സന്തോഷവും തോന്നാറുണ്ട്

ഗള്‍ഫില്‍ നാട്ടിലെ പോലെ എല്ലാ കാലത്തും കൃഷി ചെയ്യാന്‍ കഴിയില്ല. തണുപ്പ് തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള അഞ്ചാറു മാസങ്ങളിലാണ് കാര്യമായും കൃഷി നടക്കുക. മുന്‍വര്‍ഷങ്ങളില്‍ ജൂലൈ മാസത്തില്‍ വിത്തിട്ട് തുടങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ചൂട് വിചാരിച്ച പോലെ പോകാഞ്ഞത് കൊണ്ട് വൈകിയാണ് തുടങ്ങാന്‍ പറ്റിയത്. നാട്ടിലെ പോലെ കൃഷി അത്ര എളുപ്പമല്ല ഇവിടെ. കുറേ വൈതരണികള്‍ തരണം ചെയ്യാനുണ്ട്. നാട്ടിലെ പോലെയുള്ള ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യമല്ലായ്മ, പ്രതീക്ഷിക്കാതെ വരുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, മുളച്ചു വളരുമ്പോള്‍ വരുന്ന കിളി ശല്യം, പൂച്ച ശല്യം അങ്ങിനെ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൃഷി നടത്താനാവുക.

ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്ന നിരവധി മലയാളികളും ഒരുപാട് കൃഷി ഗ്രൂപ്പുകളും നിലവിലുള്ളത് കൃഷി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസവും പ്രചോദനവുമാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ എന്ന ഫാമിലി കൃഷി ഗ്രൂപ്പിലെ അംഗമായ ഹഫ്‌സ പറയുന്നു. കൃഷി ചെയ്യുന്നവര്‍ക്കെല്ലാം പ്രോത്സാഹനം നല്‍കിയും അറിയാവുന്ന അറിവുകള്‍ പങ്കുവെച്ചും അവരില്‍ നിന്നും അറിവുകള്‍ നേടിയും ഇത്തരം കൂട്ടായ്മകള്‍ വിലപ്പെട്ട സേവനമാണ് ചെയ്യുന്നത്. സമാന ചിന്താഗതിക്കാരുമായി നല്ല സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാനും ഈ കൂട്ടായ്മകള്‍ സഹായിക്കുന്നു.

കൃഷി ഗ്രൂപ്പ് വഴി പരിചയപ്പെട്ട കൃഷി ചെയ്യുന്നവരുടെ ഒരു സൗഹൃദ കൂട്ടായ്മയാണ് ഹാപ്പി മൊമന്റ്‌സ് .വിളവെടുപ്പ് ഉത്സവമായി ഞങ്ങള്‍ ഈ കൂട്ടായ്മയില്‍ ഉള്ളവര്‍ സദ്യയുണ്ടാക്കി ഒന്നിച്ച് എവിടെയെങ്കിലും കൂടാറുണ്ട്.വീട്ടമ്മമാര്‍ക്കും അല്ലാത്തവര്‍ക്കും പരസ്പരം സൗഹൃദങ്ങളും വിഷമങ്ങളും പങ്കുവെക്കാന്‍ പറ്റിയ ഒരു ഇടമായി ഈ കൂട്ടായ്മ മാറിയിരിക്കുന്നു. കുറച്ചു നാളെത്തേക്കെങ്കിലും അതിരാവിലെ കൃഷി ഗ്രൂപ്പ് തുറന്നാല്‍ നമ്മുടെ ഒരു ദിവസം മനോഹരമാക്കാന്‍ അതുമതി. അത്രക്കും മനോഹരമായ ദൃശ്യങ്ങളാണ് ഓരോരുത്തരും പോസ്റ്റ് ചെയ്യുന്നത്.
ഹഫ്‌സയുടെ ഭര്‍ത്താവ് യൂനുസ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനാണ്. മകള്‍ സഹ് ല യൂനുസ് ഹമദ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഫാത്തിമ യൂനുസ് റസ്പിറേറ്ററി തെറാപ്പി കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി തേടുകയാണ്. മകന്‍ അലീഫ് മുഹമ്മദ് യൂനുസ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്.

Related Articles

Back to top button
error: Content is protected !!